കണ്ണൂര്: മുഖ്യമന്ത്രിയുടെ മരുമകന് എന്ന വിമര്ശനം ഭയപ്പെടുത്താനുള്ള ശ്രമമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മിണ്ടിയാല് നിങ്ങള്ക്കെതിരെ ആരോപണം ഉന്നയിക്കുമെന്ന മുന്നറിയിപ്പാണ് നല്കുന്നത്. മുഖ്യമന്ത്രിയുടെ മരുമകന് എന്നത് യാഥാര്ത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു.
'അതൊരു ഭയപ്പെടുത്തലാണ്. മിണ്ടിപോകരുത്. മിണ്ടിയാല് നിങ്ങള്ക്കെതിരെ ആരോപണങ്ങള് ഉന്നയിക്കുമെന്ന മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ മരുമകന് എന്നത് യാഥാര്ത്ഥ്യമാണ്. അതൊരു തെറ്റ് അല്ലല്ലോ. ബാക്കി എന്തും പറഞ്ഞോട്ടെ. അത് ജനങ്ങള്ക്കറിയാം. ജനങ്ങള് അത് മനസ്സിലാക്കുന്നവരാണ്. നിയമസഭാ തിരഞ്ഞെടുപ്പില് ബേപ്പൂരിലെ ഓരോ വീട്ടിലും കയറി ഇത് പറഞ്ഞതാണ്. ഭൂരിപക്ഷം ഇരട്ടിയായതേയുളളൂ. ഭയപ്പെടുത്തി കീഴ്പ്പെടുത്തലാണ്. അതിനൊന്നും മിണ്ടാതെ നിക്കുന്നവരല്ല. മന്ത്രിമാരെ ഒന്നിച്ചുനിര്ത്തി ടൂറിസം വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.' റിപ്പോര്ട്ടര് ടി വിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
യൂത്ത് കോണ്ഗ്രസ് പ്രതിഷേധം അശ്ലീല നാടകം; പാവപ്പെട്ട പ്രവര്ത്തകരെ ചാവേറുകളാക്കുന്നുവെന്ന് മന്ത്രി
നവ കേരള സദസിനെതിരായ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം അശ്ലീല നാടകമാണെന്നും മന്ത്രി പ്രതികരിച്ചു. ബോധപൂര്വ്വം കുഴപ്പം സൃഷ്ടിക്കാന് സംഘടിപ്പിച്ച സമരം യൂത്ത് കോണ്ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് വിവാദത്തില് നിന്നും ശ്രദ്ധ തിരിക്കാനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രതിഷേധത്തില് പങ്കെടുത്തവരെയല്ല, മറിച്ച് അവരെ ബോധപൂര്വ്വം ഇതിലേക്ക് തള്ളിവിട്ടവരാണ് യഥാര്ത്ഥ പ്രതികള്. അതിന്റെ പിന്നില് പ്രത്യേക താല്പര്യമുണ്ട്. പാവപ്പെട്ട യൂത്ത് കോണ്ഗ്രസുകാരെ ചാവേറുകളാക്കി തള്ളിവിടുന്നതാണ് ഒന്നാമത്തെ അജണ്ട, നവകേരള സദസില് പങ്കെടുക്കുന്ന സാധാരണ ജനങ്ങളില് ഭയമുണ്ടാക്കുകയെന്നതാണ് രണ്ടാമത്തേതെന്നും മന്ത്രി വിമര്ശിച്ചു. പ്രതിപക്ഷ നേതാവിന് സമരാനുഭവം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.