സർവത്ര വ്യാജരേഖ; അടൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ പരിശോധന

വ്യാജ അപ്പ് ഉപയോഗിച്ചല്ലാതെയും തിരിച്ചറിയൽ രേഖയുണ്ടാക്കി. വിവിധ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചും വ്യാജ ഐഡി കാർഡുകളുണ്ടാക്കി

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ടയിൽ പരിശോധന നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിലായിരുന്നു പരിശോധന. വീട്ടിൽ നിന്ന് ലാപ്ടോപ്പും ഫോണുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തു. പത്തനംതിട്ട അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭി വിക്രമൻ, ബിനിൽ ബിനു എന്നിവരുടെ വീട്ടിൽ ആയിരുന്നു പരിശോധന. ഇവരോട് രണ്ടുദിവസത്തിനകം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസിന്റെ നിർദ്ദേശം.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സർവത്ര വ്യാജരേഖയെന്നാണ് പൊലീസ് പറയുന്നത്. വ്യാജ അപ്പ് ഉപയോഗിച്ചല്ലാതെയും തിരിച്ചറിയൽ രേഖയുണ്ടാക്കി. വിവിധ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചും വ്യാജ ഐഡി കാർഡുകളുണ്ടാക്കി. സൈബർ ഡോം നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് പൊലീസ് നോട്ടീസ് നൽകി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകി. വോട്ട് ചെയ്തവരുടെ വിവരങ്ങളും തിരിച്ചറിയല് രേഖകളും ഹാജരാക്കാനാണ് നിര്ദേശം. യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പ് സംഘാടകര്ക്കാണ് നോട്ടീസ് നല്കിയത്. 10 പരാതികളാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ ലഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയി സംഘടനയിൽ വിജയിച്ച റിനോ പി രാജന്റെ നേതൃത്വത്തിലാണ് കുറ്റകൃത്യം നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന് മൊഴി നല്കിയിരുന്നു.

To advertise here,contact us