കോട്ടയം: സിനിമ-സീരിയൽ നടൻ വിനോദ് തോമസിന്റെ മരണകാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. കാർ സ്റ്റാർട്ട് ചെയ്ത ശേഷം എസി ഓണാക്കി ഗ്ലാസ് പൂട്ടി വിനോദ് വാഹനത്തിനുള്ളിൽ ഇരുന്നു. മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് നിഗമനം. വിനോദിന്റെ കാറിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും പാമ്പാടി പൊലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. വിനോദ് തോമസിന്റെ അന്ത്യാഭിലാഷമനുസരിച്ച് മുട്ടമ്പലം പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു. നവംബർ 18നാണ് വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നവകേരള സദസ്സ്; കാസർകോട്ടെ 4 മണ്ഡലങ്ങളിൽ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുള്ള പ്രശ്നങ്ങൾ
വിനോദ് തോമസിനെ പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മീനടം കുറിയന്നൂർ സ്വദേശിയാണ് വിനോദ് തോമസ്. കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിനരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പനും കോശിയും, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.