'നാട്ടിലെ പ്രശ്നങ്ങൾ അറിയിക്കേണ്ടത് എൻ്റെ ബാധ്യതയാണ്'; നവകേരള സദസ്സിലെത്തി മുസ്ലിം ലീഗ് നേതാവ്

നിലവിലുള്ള പ്രശ്നങ്ങള് അവതരിപ്പിക്കേണ്ടത് തന്റെ ബാധ്യതയാണ്. നായന്മാര്മൂല തൻ്റെ നാടാണെന്നും എന് എ അബൂബക്കർ

കാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന്റെ ഭാഗമായത് തൻ്റെ നാട്ടിലെ പ്രശ്നങ്ങളും വിദ്യാഭ്യാസം സംബന്ധമായ പ്രശ്നങ്ങളും പറയാനെന്ന് മുസ്ലിം ലീഗ് സംസ്ഥാന കൗണ്സില് അംഗം എന് എ അബൂബക്കർ. രാഷ്ട്രീയപരമായ കാര്യങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള പ്രശ്നങ്ങള് അവതരിപ്പിക്കേണ്ടത് തന്റെ ബാധ്യതയാണ്. നായന്മാര്മൂല തൻ്റെ നാടാണെന്നും അദ്ദേഹം പറഞ്ഞു.

'അവിടെ പ്രശ്നങ്ങള് ഉണ്ട്. ദേശീയപാതയുടെ പ്രശ്നങ്ങളുണ്ട്. അതെല്ലാം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അതോടൊപ്പം എഴുതി നല്കുകയും ചെയ്തിട്ടുണ്ട്. പരിപാടിയെ കുറിച്ച് കളക്ടര് വിളിച്ച് പറഞ്ഞിരുന്നു', അബൂബക്കർ പറഞ്ഞു.

നാട്ടിലെ പ്രശ്നങ്ങളും വിദ്യാർത്ഥികളുടെ വിഷയവും സംസാരിച്ചു. 25000 ത്തോളം കുട്ടികളാണ് കോളേജ് മുതല് നായന്മാര്മൂലവരെ യാത്ര ചെയ്യുന്നത്, അവർ ഏറെ ബുദ്ധിമുട്ടുകയാണ്. നാടിന്റെ പ്രശ്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയമായി കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

മുസ്ലിം ലീഗ് സംസ്ഥാന കൗണ്സില് അംഗം മുഖ്യമന്ത്രിക്കൊപ്പം നവകേരള സദസില്

മുസ്ലിം ലീഗ് നേതാവ് അബൂബക്കർ നവകേരള സദസിന്റെ പ്രഭാത വിരുന്നിലേക്കാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്താണ് അദ്ദേഹമിരുന്നത്. കര്ണാടക കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന നേതാവാണ് എന് എ അബൂബക്കര്. നേരത്തെ ദേശീയ കൗണ്സില് അംഗമായിരുന്നു. കാസര്കോട്ടെ വ്യവസായ പ്രമുഖനുമാണ് അദ്ദേഹം.

അതേസമയം എന് എ അബൂബക്കറിനെ തങ്ങള് ക്ഷണിച്ചതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് റിപ്പോര്ട്ടറിനോട് പറഞ്ഞു. കൂടുതല് ലീഗ് നേതാക്കള് വരും ദിവസങ്ങളില് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,contact us