തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരഞ്ഞെടുപ്പ് കാർഡ് ഉപയോഗിച്ചെന്ന ആരോപണത്തിൽ ഇനി പ്രതികരണം വേണ്ടെന്ന് തീരുമാനിച്ച് കോൺഗ്രസ്. ഏത് അന്വേഷണവും നേരിടാൻ യൂത്ത് കോൺഗ്രസ് തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും നേതൃത്വം പറയുന്നു. പ്രതിപക്ഷ യുവജന സംഘടന എന്ന നിലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള സമരപരിപാടികൾക്കാണ് ഇനി പ്രാധാന്യമെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്.
വ്യാജ തിരഞ്ഞെടുപ്പ് കാർഡ് ആരോപണത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു. മുൻ നേതൃത്വവും നിയുക്ത നേതൃത്വവും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. വ്യാജ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്തത് തെളിയിക്കാനാകുമോ എന്ന മറുചോദ്യത്തിനുളള ഉത്തരം ആരോപണം ഉന്നയിച്ചവരാണ് നൽകേണ്ടത്. പരാതി പൊലീസിന് കിട്ടിയിട്ടുണ്ട്. അവർ അന്വേഷിക്കട്ടെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചാലും അതും സ്വാഗതം ചെയ്യുന്നു. സംഘടനക്കുള്ളിൽ അന്വേഷിക്കേണ്ടതാണെങ്കിൽ അതും ചെയ്യും. ഇനി പരസ്യ പ്രതികരണം വേണ്ടെന്നാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ഇതേ നിലപാടാണ് കോൺഗ്രസ് നേതാക്കൾക്കും.
വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; 'തെളിവുണ്ടെങ്കിൽ കൈമാറട്ടെ', വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
യൂത്ത് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആരോപണങ്ങളും പരാതികളും ഉയരുന്നത് പാർട്ടിക്ക് തലവേദന ആയിട്ടുണ്ട്. അതേസമയം പാർട്ടി വിട്ടവരും പുറത്താക്കിയവരും ആരോപണം ഉന്നയിക്കുന്നത് വ്യക്തിഹത്യ നടത്താനാണെന്നും നേതാക്കൾ പറയുന്നു. തെരഞ്ഞെടുപ്പോടെ ശക്തമായ ഗ്രൂപ്പ് പോര് അതിരു വിട്ട് പോകുകയാണ്. എ ഗ്രൂപ്പിലെ തന്നെ വിവിധ നേതാക്കളുടെ പേരിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള പോരാണ് നിലവിലെ ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നാണ് പാർട്ടിയിലെ പൊതുവേയുള്ള വിലയിരുത്തൽ.
വ്യാജ തിരിച്ചറിയൽ കാർഡ്; രാജ്യസുരക്ഷയെ ബാധിക്കുന്ന തട്ടിപ്പ് ആദ്യം പുറത്തുവിട്ടത് റിപ്പോർട്ടർ ടിവി