'കുഴൽപ്പണക്കടത്ത് കേസ് പ്രതി രാജ്യസ്നേഹം പഠിപ്പിക്കേണ്ട'; കെ സുരേന്ദ്രനെതിരെ ഷാഫി പറമ്പിൽ

വാർത്തയിൽ ഇടം പിടിക്കാനുള്ള ഇത്തരം അൽപ്പത്തരങ്ങൾ ഇനിയെങ്കിലും സുരേന്ദ്രൻ അവസാനിപ്പിക്കണമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ. ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയ ആളാണ് കെ സുരേന്ദ്രനെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സീറോ ക്രഡിബിലിറ്റിയുള്ളയാളാണ് സുരേന്ദ്രൻ. വാർത്തയിൽ ഇടം പിടിക്കാനുള്ള ഇത്തരം അൽപ്പത്തരങ്ങൾ ഇനിയെങ്കിലും സുരേന്ദ്രൻ അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. പാലക്കാട് എംഎൽഎ അറിഞ്ഞുകൊണ്ടാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയിൽ കാർഡ് നിർമ്മിച്ചതെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു.

സ്വന്തം പാർട്ടിയിലെ ആളുകൾ തന്നെ സുരേന്ദ്രൻ കുഴൽപ്പണം കടത്തിയെന്ന് പരാതി കൊടുത്തിരുന്നു. അങ്ങനെയൊരാളാണ് ഇപ്പോൾ തങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്. കുഴൽപ്പണം കടത്തിയ കേസിൽ പ്രതിയാക്കപ്പെട്ടയാൾ തന്നെയോ കോൺഗ്രസിനെയോ രാജ്യസ്നേഹം പഠിപ്പിക്കേണ്ട. ബിജെപിയിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് ഒരു കാലത്തും വരാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പണം കൊടുത്ത് സ്ഥാനാർത്ഥിയെ പിന്മാറ്റാൻ ശ്രമിച്ചതിന്റെ ഗുരുതരമായ കേസുകളുൾപ്പെടെയുള്ളയാൾ വ്യാജ ആരോപണം ഉന്നയിച്ച് തങ്ങളുടെ പ്രോസസിന്റെ ക്രെഡിബിലിറ്റി അളക്കാൻ നില്ക്കേണ്ട. രാഷ്ട്രീയ ജീവനുണ്ടെന്ന് കാണിക്കാൻ കെ സുരേന്ദ്രൻ യൂത്ത് കോൺഗ്രസിന്റെ പുറത്ത് കുതിര കയറേണ്ടെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

വ്യാജ തിരിച്ചറിയൽ കാർഡ്; നിർമ്മിക്കാൻ ഉപയോഗിച്ച മദർ തിരിച്ചറിയൽ കാർഡ് റിപ്പോർട്ടർ ടിവിക്ക്

വ്യാജ തിരിച്ചറിയൽ കാർഡുകളുണ്ടാക്കിയത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും പിന്നിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നുമാണ് സുരേന്ദ്രന്റെ ആരോപണം. ബാംഗ്ലൂരിൽ പി ആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചത്. കെ സി വേണുഗോപാലും വി ഡി സതീശനും ഈ വിഷയങ്ങൾ അറിഞ്ഞിരുന്നുവെന്നും ഇത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

വ്യാജ തിരിച്ചറിയൽ കാർഡ്: രാജ്യദ്രോഹക്കുറ്റം,പിന്നിൽ പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയെന്ന് കെ സുരേന്ദ്രൻ

തീവ്രവാദത്തിന് സമാനമായ പ്രവർത്തനമാണ് നടന്നിരിക്കുന്നത്. പാലക്കാട്ടെ വിജയത്തിന് കോൺഗ്രസ് ഇത്തരം തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സമഗ്രമായ അന്വേഷണം അടിയന്തരമായി നടത്തണം. വിവിധ ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട്. കേവലം ഒരു രാഷ്ട്രീയ പ്രശ്നമല്ല, രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ് നടന്നിരിക്കുന്നത്. ഈ കുറ്റത്തിൽ നിന്ന് കോൺഗ്രസിന് ഒളിച്ചോടാൻ കഴിയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഒരു മെമ്പർഷിപ്പ് എടുക്കാൻ മൊബൈൽ നമ്പർ വേണം, ഒടിടി വരും, ഒരു നമ്പർ വച്ച് ഒരു മെമ്പർഷിപ്പേ എടുക്കാനാകൂ. അപ്പോഴെടുത്ത സെൽഫി ഫോട്ടോ അപ്ലോഡ് ചെയ്യണം. എട്ട് സെക്കന്റുള്ള ലൈവ് വീഡിയോ അപ്ലോഡ് ചെയ്യണം. ഇത് മുഴുവൻ മാച്ചാകണം. ഇത്തരത്തിലുള്ള ടെക്നിക്കൽ സംവിധാനങ്ങളുണ്ട്. അത്രയും സുതാര്യമായ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയ കാര്യം അറിയില്ല. മല്ലികാർജുൻ ഖാർഗെയും കെ സി വേണു ഗോപാലും ഇടപെട്ടുവെന്ന ആരോപണം വെറും മണ്ടത്തരമാണ്. ശങ്കരാടിയുടെ കൈരേഖ രാഷ്ട്രീയം കെ സുരേന്ദ്രൻ അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

To advertise here,contact us