കൊച്ചി: അന്തർസംസ്ഥാന കുറ്റവാളി മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷിന്റെ കൂട്ടാളികൾ പൊലീസിന്റെ പിടിയിലായി. കൊച്ചി ചളിക്കവട്ടം സ്വദേശി അഭിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. കൊച്ചി നോർത്ത് പൊലീസ് ആണ് ഇവരെ പിടികൂടിയത്. അസം സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലാണ് അറസ്റ്റ്.
രണ്ടുദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇറച്ചി വെട്ടുകാരനായ അസം സ്വദേശിയെ മരട് അനീഷിന്റെ കൂട്ടാളികൾ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും തുടർന്ന് പണം കവരുകയുമായിരുന്നു. അസം സ്വദേശിയുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപയാണ് പ്രതികൾ കവർന്നത്. അഭിയെ കൂടാതെ നാലു പ്രതികൾ കൂടി കേസിലുണ്ട്.
അട്ടപ്പാടി മധുക്കേസ്: ഒന്നാംപ്രതിയുടെ ശിക്ഷ മരവിപ്പിച്ചു; 12പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതികളെ പിടികൂടിയത്. കൃത്യത്തിന് ശേഷം പ്രതികൾ കോയമ്പത്തൂരിലേക്ക് കടന്നിരുന്നു. തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ആഴ്ച മരട് അനീഷ് പിടിയിലായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമീഷണർ എ. അക്ബറിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ കേസുകളുള്ള അനീഷിനെതിരെ കേരളത്തിൽ മാത്രം കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ഗുണ്ടാപ്പിരിവ് തുടങ്ങി 45ഓളം കേസുകളുണ്ട്.