പിആര്എസ് കുടിശ്ശികയല്ല സിബില് സ്കോറിനെ ബാധിച്ചത്; കർഷക ആത്മഹത്യയിൽ വിശദീകരണവുമായി ഭക്ഷ്യവകുപ്പ്

'പ്രസാദിന് 1,38,655 രൂപയാണ് പിആര്എസ് വായ്പയായി അനുവദിച്ചിരുന്നത്. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളു'

ആലപ്പുഴ: തകഴിയിലെ കർഷക ആത്മഹത്യയിൽ വിശദീകരണവുമായി ഭക്ഷ്യ വകുപ്പ്. മരിച്ച പ്രസാദിന് 1,38,655 രൂപയാണ് പിആര്എസ് വായ്പയായി അനുവദിച്ചിരുന്നത്. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളു. പിആര്എസ് വായ്പയിലെ കുടിശ്ശിക അല്ല സിബില് സ്കോറിനെ ബാധിച്ചത്. വ്യക്തിഗത വായ്പ ഒറ്റത്തവണ തീര്പ്പാക്കിയതിന്റെ പേരില് ബാങ്കുകള് വായ്പ നിഷേധിച്ചതാണ് കാരണം. മുന്കാല വായ്പകള് ഒറ്റത്തവണയായി തീര്പ്പാക്കുമ്പോൾ ഇടപാടുകാരുടെ സിബില് സ്കോറിനെ ബാധിക്കുന്നു. സീസണിലെ പിആർഎസ് വായ്പയുടെ തിരിച്ചടവ് സമയ പരിധി ആയിട്ടില്ല. 2022-23 സീസണിലെ ഒന്നാം വിളയായി ഇയാളില് നിന്ന് 4896 കിലോഗ്രാം നെല്ല് സംഭരിച്ചുവെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.

തകഴി കുന്നുമ്മ അംബേദ്കർ കോളനി സ്വദേശിയാണ് മരിച്ച പ്രസാദ് (55). സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷം പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കിസാൻ മോർച്ച ജില്ലാ ഭാരവാഹിയായിരുന്നു. നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് പ്രസാദ് എഴുതിയത് തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കും.

കര്ഷക ആത്മഹത്യ: റോഡ് ഉപരോധിച്ച് ബിജെപി പ്രതിഷേധം; പ്രസാദിന്റെ മൃതദേഹം തകഴിയിലെ വീട്ടില് എത്തിച്ചു

എല്ലാ അര്ത്ഥത്തിലും ഒരു തികഞ്ഞ കര്ഷകനായിരുന്നു പ്രസാദ് എന്ന് നാട്ടുകാർ പറയുന്നു. ഒന്നിന് പിറകെ ഒന്നായി പ്രതിസന്ധികള് വലിഞ്ഞു മുറുകിയപ്പോഴും സ്വന്തം കൃഷിയിടം സംരക്ഷിക്കാന് വേണ്ടി പോരാടി. ഒരാഴ്ച മുമ്പാണ് പാടത്ത് വിത്തിറക്കിയത്. വളത്തിനും പറിച്ചുനടിലിനുമായി ബാങ്കില് വായ്പക്ക് അപേക്ഷ നല്കി. എന്നാല് സിബില് സ്കോര് കുറവാണെന്ന് പറഞ്ഞ് ബാങ്ക് അധികൃതര് വായ്പ നിക്ഷേധിച്ചു. ഇതോടെ എല്ലാ പ്രതീക്ഷയും അസ്ഥാനത്തായി. പിന്നെ ആത്മഹത്യയല്ലാതെ പ്രസാദിന് മുന്നില് മറ്റ് വഴികള് ഇല്ലായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രസാദ് മാനസികമായി തകര്ന്ന അവസ്ഥയിലായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.

To advertise here,contact us