അനുമതി ലഭിച്ചില്ല; വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ ചരക്ക് കപ്പല് തുറമുഖത്ത് അടുത്തില്ല

ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതിനാല് കപ്പലിന് ഇന്ന് തുറമുഖത്ത് അടുപ്പിക്കാന് കഴിഞ്ഞില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയിനുമായി വരുന്ന രണ്ടാമത്തെ ചരക്ക് കപ്പല് ഷെന് ഹുവ 29 ഇന്ന് തുറമുഖത്ത് അടുക്കില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതാണ് കാരണം. അനുമതി കിട്ടിയാല് നാളെ തുറമുഖത്തേക്ക് അടുപ്പിക്കും. ഇന്നലെ പുറംകടലിലെത്തിയ ഷെന് ഹുവ 29 രാവിലെ എട്ട് മണിയോടെ വിഴിഞ്ഞത്തേക്ക് തിരിച്ചു. പത്ത് മണിയോടെ കപ്പല് ദൃശ്യമായി.

കടലിലെ കാലാവസ്ഥ നിരീക്ഷിച്ചാണ് തുറമുഖത്തേക്ക് പ്രവേശിക്കാന് തുടങ്ങിയത്. എന്നാല് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതിനാല് കപ്പലിന് ഇന്ന് തുറമുഖത്ത് അടുക്കാന് കഴിഞ്ഞില്ല. ചില നടപടി ക്രമങ്ങള് ഇനിയും പൂര്ത്തിയാകാനുണ്ട്. അനുമതി കിട്ടിയാല് നാളെയോടെ കപ്പല് തുറമുഖത്ത് അടുപ്പിക്കും. തുറമുഖത്തിനാവശ്യമായ ഒരു ഷിപ് ടു ഷോര് ക്രെയിന് കപ്പലിലുണ്ട്. ഷിപ് ടു ഷോര് ക്രെയിന് ഇവിടെ ഇറക്കിയതിനു ശേഷം ബാക്കി യാര്ഡ് ക്രെയിനുകളുമായി കപ്പല് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും.

അതിനിടെ തുറമുഖത്ത് സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്റെ ഉപരോധസമരം അവസാനിപ്പിച്ചു. ഡെപ്യൂട്ടി ലേബര് കമ്മീഷണറുമായി നടത്തിയ ചര്ച്ചയിലാണ് തീരുമാനം. തൊഴിലാളികള് ഉന്നയിച്ച മൂന്ന് ആവശ്യങ്ങളില് രണ്ടെണ്ണം അംഗീകരിച്ചു. യാഡില് ഇന്റര്ലോക്ക് വിരിക്കുന്ന ജോലി നല്കണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചില്ല. കയറ്റിറക്ക് ജോലി മാത്രം നല്കും. നിരക്ക് രണ്ടാഴ്ചയ്ക്കുള്ളില് തീരുമാനിക്കാമെന്നും ചര്ച്ചയില് ധാരണയായി. ഇനി തുറമുഖത്തെ പണി തടസപ്പെടുത്തില്ലെന്ന് തൊഴിലാളികള് ഉറപ്പ് നല്കി.

To advertise here,contact us