നടൻ കലാഭവൻ ഹനീഫ് ഇനി ഓർമ്മ; സംസ്കാരം ഇന്ന് മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയിൽ

രാവിലെ 9 ന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ശാദി മഹലിൽ പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാരം

കൊച്ചി: അന്തരിച്ച നടൻ കലാഭവൻ ഹനീഫിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പതിനൊന്നരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയിൽ വെച്ചാണ് സംസ്കാരം നടക്കുക. രാവിലെ 9 ന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ശാദി മഹലിൽ പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാരം. ദീർഘകാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന കലാഭവൻ ഹനീഫിന്റെ ആരോഗ്യനില ഇന്നലെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

കലാഭവൻ ഹനീഫിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സാംസ്കാരിക കേരളം

ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്നാണ് ബുധനാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിമിക്രി വേദികളിലൂടെ അഭിനയ രംഗത്തേയ്ക്ക് വന്ന ഹനീഫ് 150ൽ അധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സിനിമാ രംഗത്തെ നിരവധി പേർ വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

കലാഭവൻ ഹനീഫ് അന്തരിച്ചു

1990ൽ 'ചെപ്പു കിലുക്കണ ചങ്ങാതി'യാണ് ആദ്യ സിനിമ. 'ഈ പറക്കുംതളിക', 'കട്ടപ്പനയിലെ ഋത്വിക് റോഷൻ', 'തുറുപ്പു ഗുലാൻ', 'പാണ്ടിപ്പട', 'ദൃശ്യം' എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിൽ എത്തിച്ചത്. സ്റ്റേജ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

To advertise here,contact us