കുന്ദമംഗലം ഗവൺമെന്റ് കോളേജ് തിരഞ്ഞെടുപ്പ് കേസ്; എംഎസ്എഫ് - കെഎസ്യു ഹർജിയിൽ ഇടക്കാല ഉത്തരവ്

ഹർജി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും

കോഴിക്കോട്: കുന്ദമംഗലം ഗവൺമെന്റ് കോളേജ് തിരഞ്ഞെടുപ്പിൽ കൗണ്ടിംഗിനിടെ എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ചതിനെതിരെ എംഎസ്എഫ് - കെഎസ്യു പ്രവർത്തകർ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയ കൗണ്ടിംഗ് റ്റാബുലേഷൻ രേഖകൾ ഹാജരാക്കാനും ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ എടുത്ത നടപടികൾ സർക്കാർ അഭിഭാഷകൻ ഒരാഴ്ചക്കുള്ളിൽ വിശദീകരിക്കാനും ജസ്റ്റിസ് ടി ആർ രവി ഉത്തരവിട്ടു.

90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നുമാണ് ഹർജിയിൽ പറയുന്നത്. ഹർജി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവര്ത്തകര് ബാലറ്റ് പേപ്പര് കീറിയെറിഞ്ഞെന്നാണ് കെഎസ്യുവിന്റെ ആരോപണം. ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.

To advertise here,contact us