ഡോളര്കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കറിനും 65 ലക്ഷം രൂപ പിഴ ചുമത്തി കസ്റ്റംസ്

യൂണിടാക് എംഡി സന്തോഷ് ഈപ്പന് ഒരു കോടി രൂപയാണ് പിഴ.

തിരുവനന്തപുരം: ഡോളര്കടത്ത് കേസിൽ യുഎഇ കോണ്സുലേറ്റ് മുന് ജീവനക്കാരന് ഒരുകോടി മുപ്പത് ലക്ഷം പിഴയടയ്ക്കണമെന്ന് കസ്റ്റംസ്. ഈജിപ്ഷ്യന് പൗരന് ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്കെതിരെയാണ് നടപടി. ഖാലിദ് ഈജിപ്തിലേക്ക് 1.90 ലക്ഷം യുഎസ് ഡോളര് ഒമാന് വഴി കടത്തിയെന്നാണ് കണ്ടെത്തല്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവര് 65 ലക്ഷം രൂപ വീതവും പിഴ അടക്കണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല് സെക്രട്ടറി എം ശിവശങ്കറും 65 ലക്ഷം പിഴയൊടുക്കണം. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര് രാജേന്ദ്ര കുമാര് ഐആര്എസ് ഉത്തരവിട്ടത് .

യൂണിടാക് എംഡി സന്തോഷ് ഈപ്പന് ഒരു കോടി രൂപയാണ് പിഴ. സ്വര്ണകള്ളക്കടത്ത് കേസില് പ്രതികള്ക്കെതിരെ 66.60 കോടി രൂപ പിഴ ചുമത്തിയിരുന്നു. രണ്ട് കേസുകളിലും കസ്റ്റംസ് അന്വേഷണം പൂര്ത്തിയാക്കിയതിന്റെ ഭാഗമായാണ് നടപടി.

കോൺസുലേറ്റിന്റെ മുൻ സാമ്പത്തിക വിഭാഗം മേധാവിയാണ് ഖാലിദ്. ഖാലിദ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ഖാലിദിനെ കേൾക്കാതെയാണ് പിഴച്ചുമത്തിയത്. മൊത്തം 44 പ്രതികളുള്ള കേസില് ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളില് പലരുടെയും ആഡംബരവാഹനങ്ങളും കസ്റ്റംസ് കണ്ടുകെട്ടിയിട്ടുണ്ട്.

ഉത്തരവിനെതിരേ പ്രതികള്ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. ട്രിബ്യൂണലിന് ഉത്തരവ് ശരിവെയ്ക്കുകയോ തിരുത്തലുകള് ആവശ്യപ്പെടുകയോ ചെയ്യാം. എന്നാല് സാധാരണഗതിയില് ഇത്തരം കേസുകളില് പിഴത്തുകയില് ഇളവുലഭിക്കാന് സാധ്യത വളരെ കുറവാണ്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാര്ഗോ കോപ്ലക്സില്നിന്ന് കസ്റ്റംസ് സ്വര്ണം പിടിച്ചെടുത്തത്. ഏകദേശം 14.65 കോടി രൂപ മൂല്യം കണക്കാക്കുന്ന 30 കിലോ സ്വര്ണമാണ് പിടികൂടിയത്.

To advertise here,contact us