കൊച്ചി: തൃശൂര് കേരള വര്മ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്യു നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. റീ കൗണ്ടിങ്ങില് കെഎസ്യുവിന് ചെയർമാൻ സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നിരാഹാര സമരം ആരംഭിച്ചത്. തുടർ സമരം ഉടൻ പ്രഖ്യാപിക്കും. വ്യാഴാഴ്ചയാണ് തൃശൂർ കോർപ്പറേഷൻ ഓഫിസിനു സമീപം കെഎസ്യു സംസ്ഥാന പ്രസിഡന്റ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
അതേസമയം, തൃശൂര് കേരള വര്മ്മ കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന് ഹൈക്കോടതി വിസമ്മതിച്ചു. കെഎസ്യു സ്ഥാനാര്ത്ഥി എസ് ശ്രീക്കുട്ടന് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ വിസമ്മതം. കോളേജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള് ഹാജരാക്കണമെന്നും ഹൈക്കോടതി നിര്ദ്ദേശം നല്കി. കോളജ് റിട്ടേണിംഗ് ഓഫീസര്ക്കാണ് നിര്ദ്ദേശം നല്കിയത്. ഹര്ജിക്കാര് ആദ്യം സര്വകലാശാല വൈസ് ചാന്സലറെ സമീപിക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. ചെയര്മാന് സ്ഥാനത്തെ തിരഞ്ഞെടുപ്പ് അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്നായിരുന്നു ഹര്ജിക്കാരനായ കെഎസ്യുവിന്റെ ചെയര്മാന് സ്ഥാനാര്ഥി ശ്രീക്കുട്ടന്റെ ആവശ്യം. ജസ്റ്റിസ് ടി ആര് രവി അധ്യക്ഷനായ സിംഗിള് ബെഞ്ച് ആണ് ഹര്ജി പരിഗണിച്ചത്. മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് നടത്തിയ കെഎസ്യു മാർച്ചിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ കെഎസ്യു സംസ്ഥാന സെക്രട്ടറി നസിയയുടെ മൂക്കിന് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റു. തടയാൻ ശ്രമിച്ച പ്രവർത്തന്റെ തലപൊട്ടി.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കുകയാണ്. കേരളീയത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. പൊലീസും കെഎസ്യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിരിഞ്ഞുപോയവരെ പൊലീസ് അറസ്റ്റു ചെയ്യുകയാണെന്ന് കെഎസ്യു പ്രവർത്തകർ ആരോപിച്ചു. യൂണിയന് തിരഞ്ഞെടുപ്പിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടെന്ന് ആരോപിച്ചാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കെ എസ് യു മാർച്ച് നടത്തിയത്.