'നവകേരള സദസിന് മുമ്പ് മന്ത്രിസഭാ പുനഃസംഘടന വേണം'; കത്ത് നൽകി കേരളാ കോൺഗ്രസ് ബി

വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്

തിരുവനന്തപുരം: നവകേരള സദസിന് മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി കേരളാ കോൺഗ്രസ് ബി. കേരളാ കോൺഗ്രസ് ബി വൈസ് ചെയർമാൻ വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനേയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനേയും നേരിട്ടു കണ്ട് ആണ് കത്ത് നൽകിയത്.

മന്ത്രിസഭാ പുനഃസംഘടന അടുത്ത എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. നവംബർ പത്തിന് ആണ് എൽഡിഎഫ് യോഗം. പുനഃസംഘടന ആവശ്യപ്പെട്ട് കത്ത് നൽകിയ പാർട്ടികൾക്ക് ചർച്ച ചെയ്യാമെന്ന് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. ഒറ്റ എംഎല്എമാര് മാത്രമുള്ള പാര്ട്ടികളുടെ നിലവിലെ മന്ത്രിമാര് ഒഴിവാകുമെന്നാണ് വിവരം. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും.

വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതില് സിപിഐഎമ്മില് ഭിന്നാഭിപ്രായമുണ്ട്. സോളാര് വിവാദത്തിന്റെ ഇടയില് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതിലാണ് സിപിഐഎമ്മില് അഭിപ്രായ വ്യത്യാസമുയർന്നത്.

എൻസിപി, ജനതാദൾ എസ് അടക്കമുള്ള കക്ഷികൾ മന്ത്രിസ്ഥാനത്തിനായി അവകാശവാദങ്ങൾ ഉയർത്തിയിരുന്നു. രണ്ടര വർഷം കരാർ ഉറപ്പിച്ചിരുന്നെങ്കിലും എൻസിപിയിൽ എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. തോമസ് കെ തോമസ്സും എ കെ ശശീന്ദ്രനും മന്ത്രിസ്ഥാനത്തെ ചൊല്ലി തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. മന്ത്രിസ്ഥാനം വേണമെന്ന് പറയാൻ മാധ്യമങ്ങളെക്കാൾ ഏറ്റവും നല്ലത് പാർട്ടി വേദിയാണ് അവിടെയാണ് ആവശ്യം പറയേണ്ടതെന്നും എ കെ ശശീന്ദ്രൻ തോമസ് കെ തോമസിനെ വിമർശിച്ചുകൊണ്ട് പറഞ്ഞിരുന്നു. പാർട്ടി നേതൃത്വം ശശീന്ദ്രനും പിസി ചാക്കോയും കയ്യടക്കി വെച്ചിരിക്കുകയാണെന്ന് തോമസ് കെ തോമസും ആരോപിക്കുകയുമുണ്ടായി.

ജനതാദൾ എസിൽ അവസാനത്തെ രണ്ടര വർഷം മന്ത്രി പദത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് മാത്യു ടി തോമസ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത്തരം ആലോചനകളിൽ ഇല്ലെന്നാണ് കൃഷ്ണൻകുട്ടി വിഭാഗം നൽകിയിരുന്ന വിശദീകരണം. ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാതെ ഇരുന്ന എൽ ജെ ഡി ഇത്തവണ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നാണ് സൂചന. ആവശ്യം അംഗീകരിച്ചാൽ ഏക അംഗം കെ പി മോഹനൻ മന്ത്രിയാകും. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും. ഏക അംഗമായ കോവൂർ കുഞ്ഞുമോൻ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതായി സൂചനയുണ്ടായിരുന്നു. എ എന് ഷംസീറിനെ സ്പീക്കര് സ്ഥാനത്ത് നിന്ന് മാറ്റി നിലവിലെ ആരോഗ്യമന്ത്രി വീണാ ജോര്ജ്ജിനെ സ്പീക്കറാക്കാനും സാധ്യതയുണ്ട്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്.

To advertise here,contact us