കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സിഎംആര്എല് ഉടമ ശശിധരന് കര്ത്ത, ഭാര്യ ജയ കര്ത്ത എന്നിവര് ഡയറക്ടര്മാരായ കമ്പനിയായ എംപവര് ഇന്ത്യ ക്യാപ്പിറ്റല് ഇന്വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡില് നിന്നു സ്വീകരിച്ച സാമ്പത്തിക സഹായം തിരിച്ചടതായി രേഖകള്. 2015-2016ല് ആരംഭിച്ച ഷോര്ട്ട് ടേം വായ്പ ബന്ധം 2019-2020 സാമ്പത്തിക വര്ഷത്തില് മുഴുവന് തുകയും നല്കി അവസാനിപ്പിച്ചതാണ് കണക്കുകള് പറയുന്നത്.
2015-2016 സാമ്പത്തിക വര്ഷത്തില് 25,00,000 രൂപയാണ് എംപവറില് നിന്ന് എക്സാലോജിക് ഷോര്ട്ട് ടേം വായ്പയായി സ്വീകരിച്ചത്. 2016-2017 സാമ്പത്തിക വര്ഷത്തില് അത് 37,36,00 രൂപയായി വര്ധിച്ചു. എന്നാല് 2018-2019 സാമ്പത്തിക വര്ഷത്തില് വായ്പയിലേക്ക് കുറച്ചു തുക തിരിച്ചടച്ചതിനാല് പിന്നീട് നല്കാനുള്ള തുക 10,36,000 രൂപയായി മാറി.
2019 മാര്ച്ച് 31ഓടെ വായ്പ തുക 4,88,569 രൂപയായി കുറഞ്ഞു. 2020 മാര്ച്ച് 31ന് ഇടയില് ബാക്കിയുണ്ടായിരുന്ന തുക കൂടി അടച്ചു തീര്ത്തതോടെ എക്സാലോജിക് എംപവറിന് നല്കാനുള്ള വായ്പാ ബാധ്യത അവസാനിക്കുകയായിരുന്നു. ഓഡിറ്റര് റിപ്പോര്ട്ടില് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.