കെഎസ്ഇബിയുടെ ദീർഘകാല കരാർ: വൈദ്യുതി ലഭിച്ചത് കുറഞ്ഞ നിരക്കിലല്ല, വാദങ്ങൾ പൊളിയുന്നു

2014 - 2023 കാലയളവിൽ മറ്റ് സംസ്ഥാനങ്ങൾക്ക് വൈദ്യുതി ലഭിച്ചത് കെഎസ്ഇബി വൈദ്യുതി വാങ്ങിയതിലും കുറഞ്ഞ നിരക്കിൽ

തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാറുകൾ മന്ത്രിസഭയെക്കൊണ്ട് അംഗീകരിപ്പിക്കാൻ കെഎസ്ഇബി ഉന്നയിച്ച വാദങ്ങൾ പൊളിയുന്നു. കരാറിലൂടെ കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിച്ചതെന്ന വാദം തെറ്റെന്ന് തെളിഞ്ഞു. 2014 - 2023 കാലയളവിൽ മറ്റ് സംസ്ഥാനങ്ങൾക്ക് വൈദ്യുതി ലഭിച്ചത് കെഎസ്ഇബി വൈദ്യുതി വാങ്ങിയതിലും കുറഞ്ഞ നിരക്കിലാണ്. കരാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് പുതിയ കണക്കുകൾ.

25 വർഷത്തേക്ക് 4 രൂപ 29 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു വിവാദമായ വൈദ്യുതി കരാർ. കേന്ദ്രമാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായതിനാൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കരാറുകൾ റദ്ദാക്കി. എന്നാൽ യുഡിഎഫ് ഭരണ കാലത്തെ കരാർ പുനഃസ്ഥാപിക്കണമെന്ന നിലപാടിലാണ് ഇപ്പോൾ എൽഡിഎഫ് സർക്കാരും. ഇതിലും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കില്ലെന്ന് കെഎസ്ഇബി വാദം മുഖവിലയ്ക്കെടുത്താണ് ഇരുമുന്നണികളും കരാറിനെ പിന്തുണയ്ക്കുന്നത്. എന്നാൽ ഈ കരാറുകൾ ബോർഡിന് അധിക ബാധ്യത സൃഷ്ടിച്ചുവെന്നാണ് മറ്റ് സംസ്ഥാനങ്ങളുടെ വൈദ്യുതി വാങ്ങൽ കരാറുകളിലൂടെ വ്യക്തമാകുന്നത്.

വൈദ്യുതി വാങ്ങാൻ 2014 ലാണ് കെഎസ്ഇബി ടെൻഡർ നടപടികൾക്ക് തുടക്കം കുറിക്കുന്നത്. 2016 മുതൽ കരാറുകൾ റദ്ദാക്കപ്പെട്ട 2023 വരെയും യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് വൈദ്യുതി വാങ്ങി. മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ, 2014 മുതൽ ഈ വർഷം സെപ്റ്റംബർ വരെ തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഒഡീഷ, ഗോവ, എന്നീ സംസ്ഥാനങ്ങൾ 252 വൈദ്യുതി കരാറുകളിലാണ് ഏർപ്പെട്ടത്.

ഇതിൽ 192 കരാറുകളിലും സംസ്ഥാനങ്ങൾക്ക് വൈദ്യുതി ലഭിച്ചത് കെഎസ്ഇബി നൽകിയ 4. 29 പൈസയിൽ കുറഞ്ഞ തുകയ്ക്കാണ്. താപ വൈദ്യുതി നിലയങ്ങളിൽ നിന്നായിരുന്നു കെഎസ്ഇബി 465 മെഗാവാട്ട് വൈദ്യുതി വാങ്ങിയത്. താപ വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ പരിശോധിച്ചാലും മറ്റു സംസ്ഥാനങ്ങൾക്ക് വൈദ്യുതി ലഭിച്ചത് കുറഞ്ഞ ചെലവിൽ തന്നെയാണ്. കെഎസ്ഇബി നൽകിയതിലും കുറഞ്ഞ തുകയ്ക്കാണ് 52 കരാറുകളിലൂടെ അവർ വൈദ്യുതി വാങ്ങിയത്. ആ കരാറുകളിൽ ഏറെയും കേരളത്തിൻ്റെ തൊട്ട് അയൽ സംസ്ഥാനമായ തമിഴ്നാടിൻ്റേതാണ്.

വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ചതിന് പിന്നാലെ 2015ൽ തന്നെ കരാറിനെതിരെ പരാതി ഉയർന്നതാണ്. അന്ന് മുതൽ നാളിതുവരെ ഇതിലും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാൻ സാധ്യതകൾ ഉണ്ടായിരുന്നുവെന്ന് മറ്റ് സംസ്ഥാനങ്ങളുടെ വൈദ്യുതി വാങ്ങൽ കരാറുകളിലൂടെ വ്യക്തം. എന്നിട്ടും ഇതേ കരാറിൽ തന്നെ ഉറച്ചു നിന്നു. ഇങ്ങനെ കെഎസ്ഇബി സൃഷ്ടിച്ച കോടികളുടെ അധിക ബാധ്യതയാണ് ഇനി നിരക്ക് വർധനയായി ഭാവിയിൽ ജനങ്ങൾക്ക് മേല് അടിച്ചേൽപ്പിക്കപ്പെടുക.

ബില്ല് അടച്ചില്ല; കെഎസ്ആര്ടിസി തമ്പാനൂര് ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

To advertise here,contact us