'ഹമാസ് നടത്തുന്നത് ഭീകരപ്രവർത്തനമല്ല'; ശശി തരൂരിനെ തള്ളി കെ മുരളീധരൻ

ഇസ്രയേലിനോടുള്ള കോണ്ഗ്രസിന്റെ ഐക്യദാര്ഢ്യമാണ് ശശി തരൂരിന്റെ പ്രസ്താവനയിലൂടെ വ്യക്തമായതെന്ന ഇടത് നേതാക്കളുടെ വിമര്ശനത്തെ മുരളീധരന് തള്ളി

കോഴിക്കോട്: കോണ്ഗ്രസ് എല്ലാകാലത്തും പലസ്തീന് ജനതക്കൊപ്പമാണെന്ന് കെ മുരളീധരന് എംപി. കോണ്ഗ്രസ് ഭരിച്ച കാലത്ത് ഇന്ത്യാ സര്ക്കാരിന്റെ നിലപാടും അതായിരുന്നു. കഴിഞ്ഞ വര്ക്കിംഗ് കമ്മിറ്റിയില് ഉപാധികള് കൂടാതെയാണ് കോണ്ഗ്രസ് പലസ്തീന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചത്. ഹമാസിനെ കുറ്റപ്പെടുത്തി ചില അംഗങ്ങള് സൂചനകള് നല്കിയിരുന്നു. അതിനെ വര്ക്കിംഗ് കമ്മിറ്റി പൂര്ണ്ണമായും തള്ളികളഞ്ഞിട്ടുണ്ടെന്നും കെ മുരളീധരന് പറഞ്ഞു.

'ഹമാസ് നടത്തുന്നത് ഭീകരപ്രവർത്തനമല്ല. ഉപാധികളില്ലാത്ത പിന്തുണയാണ് പലസ്തീന് കോൺഗ്രസ് നൽകുന്നത്. ശശി തരൂരിൻ്റെ പൊതുവായ പ്രസംഗം പലസ്തീന് അനുകൂലമാണ്. എന്നാൽ ഒരു വാചകം പാർട്ടി നിലപാടല്ല. ഭീകര പ്രവർത്തനമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കളെ പാർട്ടി തിരുത്തിയിരുന്നു.വിവാദങ്ങൾ തിരുവനന്തപുരത്ത് ബിജെപി യെ സഹായിക്കും. ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു.' കെ മുരളീധരന് പറഞ്ഞു.

എന്നാല് ഒരു വാചകത്തിന്റെ പേരില് ശശി തരൂരിനെ ആക്രമിക്കുന്നത് ശരിയല്ല. അദ്ദേഹം ഇതുവരെയും ബിജെപി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. അദ്ദേഹം ആന്റി ബിജെപിയും പ്രോ പാലസ്തീനുമാണ്. ഇസ്രയേല് അനുകൂലിയല്ലെന്നും കെ മുരളീധരന് പറഞ്ഞു.

ഇസ്രയേലിനോടുള്ള കോണ്ഗ്രസിന്റെ ഐക്യദാര്ഢ്യമാണ് ശശിതരൂരിന്റെ പ്രസ്താവനയിലൂടെ വ്യക്തമായതെന്ന ഇടത് നേതാക്കളുടെ വിമര്ശനത്തെ മുരളീധരന് തള്ളി. അത് മോഹനന് മാഷിന്റെ നിലപാടാണ്. ഗോവിന്ദന് മാഷിന്റെ നിലപാട് അതല്ല. ആദ്യം മാഷമ്മാര് തമ്മില് ധാരണയില് എത്തട്ടെയെന്നും കെ മുരളീധരന് പറഞ്ഞു. സംസ്ഥാന നേതൃത്വത്തിനാണ് അധികാരം കൂടുതല്. മോഹനന് മാഷിനോട് ഒന്നേ പറയാനുള്ളൂ. ആദ്യം ശൈലജ ടീച്ചറെ തിരുത്തൂ. എന്നിട്ട് ഞങ്ങളെ ഉപദേശിക്കാന് വന്നാല് മതിയെന്നും കെ മുരളീധരന് പറഞ്ഞു.

To advertise here,contact us