വിഴിഞ്ഞം തുറമുഖം: മൂന്നാമത്തെ ഷിപ് ടു ഷോർ ക്രെയിൻ ബർത്തിലിറക്കി

ക്രെയിനുകളുമായി രണ്ടാം കപ്പൽ ഷെൻഹുവ 29 ചൈനയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം: ചൈനയിൽ നിന്ന് ക്രെയിനുകളുമായി വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് മൂന്നാമത്തെ ക്രെയിനും ബർത്തിലിറക്കി. ഷിപ് ടു ഷോർ ക്രെയിനാണ് ഇറക്കിയത്. കാലാവസ്ഥ പ്രതികൂലമായതിനാൽ തിങ്കളാഴ്ച ക്രെയിനിറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാഡ് ക്രെയിനുകളുമാണ് വിഴിഞ്ഞം തുറമുഖത്തിൻറെ ആദ്യഘട്ടത്തിൽ ആവശ്യം.

ഇന്ന് പുലർച്ചെ മുതലാണ് ക്രെയിൻ ഇറക്കാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഷെൻഹുവ 15 കപ്പൽ കഴിഞ്ഞ 21-ന് മടങ്ങണമെന്നായിരുന്നു കരാർ. എത്രയും വേഗം ക്രെയിനിറക്കി കപ്പൽ മടക്കി അയക്കാനാണ് അദാനി പോർട്സിൻറെ ശ്രമം. ആദ്യഘട്ടത്തിലേക്ക് ആവശ്യമുള്ള ബാക്കി ക്രെയിനുകളുമായി കൂടുതൽ കപ്പലുകൾ ഉടൻ ചൈനയിൽ നിന്ന് പുറപ്പെടുമെന്ന് അദാനി പോർട്സ് അറിയിച്ചു.

ക്രെയിനുകളുമായി രണ്ടാം കപ്പൽ ഷെൻഹുവ 29 ചൈനയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ആറ് ക്രെയിനുകളുമായി നവംബർ 15-ഓടെ ഷെൻഹുവ 29 വിഴിഞ്ഞത്തെത്തുമെന്നാണ് കണക്കുകൂട്ടൽ. ആറ് യാഡ് ക്രെയിനുകളുമായാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് ഷെൻഹുവ 29 കപ്പൽ പുറപ്പെട്ടത്. ഇസഡ് പി എം സി (ZPMC) എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്.

അതേസമയം മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം വ്യാവസായികാടിസ്ഥാനത്തിൽ തുറന്ന് കൊടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ കപ്പലുകളെത്താവുന്ന സൗകര്യം വിഴിഞ്ഞത്തുണ്ട്. തുറമുഖ വകുപ്പിൻ്റെ കൈവശമുള്ള ഭൂമികൾ അളന്ന് തിട്ടപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

To advertise here,contact us