തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന സർക്കാർ തീരുമാനം നിലനിൽക്കെ കേരളാ വനം വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്താൻ നീക്കം. പെൻഷൻ പ്രായം 58 ൽ നിന്ന് 60 വയസായി ഉയർത്താനാണ് ആലോചന. അടുത്ത ആഴ്ച കോട്ടയത്ത് ചേരുന്ന ബോർഡ് യോഗത്തിൽ പ്രായം ഉയർത്താനുള്ള തീരുമാനമാക്കാനാണ് നീക്കം. പെൻഷൻ പ്രായം ഉയർത്തൽ അടക്കമുള്ള ബോർഡ് യോഗത്തിൻ്റെ അജണ്ടയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപത് ആക്കി ഉയർത്താനുള്ള തീരുമാനത്തിൽ നിന്ന് കഴിഞ്ഞ നവംബറിലാണ് സംസ്ഥാന സർക്കാർ പിൻമാറിയത്. ഈ സർക്കാര് നയം അട്ടിമറിച്ചാണ് ഇതേ സർക്കാരിന് കീഴിലുള്ള പൊതു മേഖല സ്ഥാപനമായ കേരളാ വനം വികസന കോർപ്പറേഷൻ പെൻഷൻ പ്രായം കൂട്ടാൻ ഒരുങ്ങുന്നത്. നിലവിലുള്ള വിരമിക്കൽ പ്രായം 58 വയസാണ്. ഇത് 60 വയസ്സായി ഉയർത്താനാണ് കെഎഫ്ഡിസിയുടെ നീക്കം. 28 ന് കോട്ടയത്ത് ചേരുന്ന വനം വികസന കോർപ്പറേഷൻ്റെ ബോർഡ് യോഗത്തിൽ വിരമിക്കൽ പ്രായം ഉയർത്തുന്നത് അജണ്ടയിൽ ഉൾപ്പെടുത്തി.
സർക്കാർ പ്രതിനിധികളായി ഫിനാൻസ്, വനം വകുപ്പുകളുടെ ജോയിൻ്റ് സെക്രട്ടറിമാരും ബോർഡിൽ അംഗങ്ങളാണ്. കോർപ്പറേഷന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് പരിചയസമ്പത്തുള്ള ജീവനക്കാർ വേണമെന്നതിനാലാണ് പ്രായം ഉയർത്തുന്നതെന്നാണ് കെഎഫ്ഡിസി നൽകുന്ന അനൗദ്യോഗിക വിശദീകരണം. പെൻഷൻ പ്രായം ഉയർത്തില്ലെന്ന പ്രഖ്യാപിത നിലപാടുള്ള ഇടത് മുന്നണിയുടെ ഘടക കക്ഷിയായ എൻസിപിയുടെ ലതിക സുഭാഷ് ആണ് കെഎഫ്ഡിസി ചെയർപേഴ്സൺ.
ബോർഡ്/ കോർപ്പറേഷനുകളിലെ വിവിധ തസ്തികളിലേക്കുള്ള നിയമനത്തിന് കഴിഞ്ഞ ആഴ്ചയാണ് 3500ഓളം പേരുടെ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾ ഈ ലിസ്റ്റില് നിന്ന് നിയമനം പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് പെൻഷൻ പ്രായം കൂട്ടാൻ കെഎഫ്ഡിസി ഒരുങ്ങുന്നത്. മാത്രമല്ല കെഎഫ്ഡിസി പെൻഷൻ പ്രായം ഉയർത്തിയാൽ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം കൂട്ടാൻ ആവശ്യമുയരുന്നതിലെ ആശങ്കയും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.