'പഴയ കാര്യങ്ങൾ ചികഞ്ഞു നോക്കിയിട്ട് കാര്യമില്ല'; ചെന്നിത്തലയ്ക്ക് മറുപടിയുമായി കെ മുരളീധരന്

റിപ്പോർട്ടർ ക്ലോസ് എൻകൗണ്ടറിലായിരുന്നു രമേശ് ചെന്നിത്തല കെ മുരളീധരനെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നു എന്ന് പറഞ്ഞത്.

തിരുവനന്തപുരം: കെ മുരളീധരനെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് തെറ്റായി പോയെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിയുമായി കെ മുരളീധരന് എംപി. പഴയ കാര്യങ്ങൾ ചികഞ്ഞു നോക്കിയിട്ട് കാര്യമില്ല. കോൺഗ്രസ് പ്രവർത്തകസമിതി യാഥാർത്ഥ്യമായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റകെട്ടായി പ്രവർത്തിക്കുകയാണ് വേണ്ടത് എന്ന് കെ മുരളീധരൻ പറഞ്ഞു. റിപ്പോർട്ടർ ക്ലോസ് എൻകൗണ്ടറിലായിരുന്നു രമേശ് ചെന്നിത്തല കെ മുരളീധരനെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നു എന്ന് പറഞ്ഞത്.

പ്രതിപക്ഷ നേതാവ് എന്ന നിലയിലെടുത്ത തെറ്റായ തീരുമാനമായിരുന്നു കെ മുരളീധരന്, അടൂര് പ്രകാശ്, ഹൈബി ഈഡന് എന്നിവര്ക്ക് സീറ്റ് കൊടുത്തത്. അന്ന് പാര്ലമെന്റ് സീറ്റ് ജയിക്കാനുള്ള ആഗ്രഹമായിരുന്നു. കെ സുധാകരനെയും കെസി വേണുഗോപാലിനെയും പാർലമെന്റിലേക്ക് വിടേണ്ടിയിരുന്നില്ല എന്നും ചെന്നിത്തല ക്ലോസ് എൻകൗണ്ടറിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരൻ പ്രതികരണവുമെത്തിയത്. അടുത്ത തിരഞ്ഞെടുപ്പിൽ 20 സീറ്റിലും വിജയം കണ്ടെത്തണമെന്നും അതിനായി ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ലീഗ് വിവാദത്തിലും കെ മുരളീധരൻ പ്രതികരിച്ചു. മുസ്ലിം ലീഗ്- സമസ്ത തർക്കം പരിഹരിക്കാൻ മൂന്നാം കക്ഷിയിലെ മധ്യസ്ഥർ വേണ്ട. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു സംഘടനകൾക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മത പരമായ കാര്യമാണ്. അതിൽ രാഷ്ട്രീയ ഇടപെടൽ വേണ്ട. രണ്ടു വിഭാഗങ്ങളെയും നയിക്കുന്നതിൽ പാണക്കാട് കുടുംബത്തിന് പങ്കുണ്ട്. അതിനാൽ തന്നെ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഈ വിഷയം തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ ബാധിക്കില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

To advertise here,contact us