വൈശാഖൻ പുറത്ത്; വി പി ശരത് പ്രസാദ് ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ശരത് പ്രസാദിന് താൽക്കാലിക ചുമതല നൽകിയിരുന്നു

തൃശ്ശൂർ: ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റിയംഗം വി പി ശരത് പ്രസാദിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് നിലവിൽ താൽക്കാലിക ചുമതലയുണ്ടായിരുന്ന ശരത് പ്രസാദിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റിൽ സെക്രട്ടറിയായിരുന്ന എൻ വി വൈശാഖനെ പദവിയിൽ നിന്ന് നീക്കിയെങ്കിലും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തിരുന്നില്ല.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ശരത് പ്രസാദിന് താൽക്കാലിക ചുമതല നൽകിയിരുന്നു. എൻ വി വൈശാഖൻ ചികിത്സക്കായി അവധിയിലാണെന്നായിരുന്നു ഇതുവരെയുള്ള ഡിവൈഎഫ്ഐയുടെ വിശദീകരണം. ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ക്യാമ്പയിനോടനുബന്ധിച്ചുള്ള ജില്ലാ കാൽനടജാഥയുടെ തലേ ദിവസമാണ് ജാഥയുടെ ക്യാപ്റ്റൻ കൂടിയായിരുന്ന വൈശാഖനെ നീക്കിയത്. ഇതോടെ ഈ ജാഥയുടെ ക്യാപ്റ്റൻ ചുമതല ശരത് പ്രസാദിനായിരുന്നു.

വനിതാ നേതാവിൻറെ പരാതിയെ തുടർന്ന് കൊടകര ഏരിയാ കമ്മിറ്റിയംഗമായിരുന്ന വൈശാഖനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരംതാഴ്ത്തി നടപടിയെടുത്തിരുന്നു.

To advertise here,contact us