പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

അങ്ങാടി, അഹിംസ തുടങ്ങിയ ഐ വി ശശി സിനിമകളുടെ നിർമ്മാതാവാണ്. വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഹരിഹരൻ ചിത്രങ്ങളുടെയും നിർമ്മാതാവായിരുന്നു.

കോഴിക്കോട്: ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് മെട്രോ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറിൽ നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. 20 ഓളം സിനിമകള് അദ്ദേഹം നിർമ്മിച്ചു. അങ്ങാടി, അഹിംസ തുടങ്ങിയ ഐ വി ശശി സിനിമകളുടെ നിർമ്മാതാവാണ്. വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഹരിഹരൻ ചിത്രങ്ങളുടെയും നിർമ്മാതാവായിരുന്നു. അച്ചുവിന്റെ അമ്മ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു.

മികച്ച സിനിമകളുടെ നിർമ്മാതാവെന്ന നിലയിൽ പി വി ഗംഗാധരൻ ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കി. 2000 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ശാന്തം നിർമ്മിച്ചത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആയിരുന്നു. 2011 ൽ കോഴിക്കോട് നോർത്തിൽ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്നു. നിർമാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു പി വി ഗംഗാധരൻ.

1943 ൽ കോഴിക്കോടാണ് പി വി ഗംഗാധരൻ ജനിച്ചത്. കെഎസ് യു പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറായിരുന്നു. പി വി ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് മക്കൾ.

To advertise here,contact us