യുവ നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; മുന്കൂര് ജാമ്യാപേക്ഷ നല്കി പ്രതി

നടിക്ക് പരാതിയുണ്ടെങ്കില് മുംബൈ പൊലീസിനെയാണ് സമീപിക്കേണ്ടതെന്ന് മുന്കൂര് ജാമ്യാപേക്ഷയില് ചൂണ്ടികാട്ടി

കൊച്ചി: എയര് ഇന്ത്യ വിമാനത്തില്വെച്ച് യുവ നടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി മുന്കൂര് ജാമ്യാപേക്ഷ നല്കി. തൃശൂര് തലോര് സ്വദേശി ആന്റോ സിആര് ആണ് എറണാകുളം സെഷന്സ് കോടതിയെ സമീപിച്ചത്. നടിക്ക് പരാതിയുണ്ടെങ്കില് മുംബൈ പൊലീസിനെയാണ് സമീപിക്കേണ്ടതെന്നാണ് ആന്റോയുടെ മുന്കൂര് ജാമ്യാപേക്ഷയില് പറയുന്നത്. കേസെടുക്കാന് നെടുമ്പാശേരി പൊലീസിന് അധികാരമില്ല.

വിന്ഡോ സീറ്റില് ഇരിക്കുന്നതുമായി ബന്ധപ്പെട്ട തര്ക്കം മാത്രമാണ് ഉണ്ടായത്. തര്ക്കം വിമാനത്തിലെ ജീവനക്കാര് ഇടപെട്ട് പരിഹരിച്ചു. ആ സമയത്ത് നടിക്ക് പരാതി ഉണ്ടായിരുന്നില്ല. സംഭവത്തിന് തൊട്ടടുത്ത ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിയുന്നതെന്നും ആന്റോ സിആറിന്റെ മുന്കൂര് ജാമ്യാപേക്ഷയില് പറയുന്നു. മുന്കൂര് ജാമ്യാപേക്ഷ എറണാകുളം സെഷന്സ് കോടതി നാളെ പരിഗണിക്കും. എന്നാല് പരാതി അറിയിച്ചിട്ടും എയര് ഇന്ത്യാ ജീവനക്കാര് സഹായിച്ചില്ലെന്നാണ് നടിയുടെ മൊഴിയില് പറയുന്നത്.

കേസില് യാത്രക്കാരുടെ വിവരങ്ങള് നേരത്തെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വൈകാതെ എയര് ഇന്ത്യ ജീവനക്കാരുടെയും സഹയാത്രികരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 354 എ വകുപ്പ് അനുസരിച്ച് സ്ത്രീകള്ക്കെതിരായ ലൈംഗികാതിക്രമക്കുറ്റമാണ് സിആര് ആന്റോയ്ക്ക് എതിരെ ചുമത്തിയത്.

To advertise here,contact us