കൊച്ചി: വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭ സാധൂകരണം നൽകി. റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾക്കാണ് സാധൂകരണം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. റെഗുലേറ്ററി കമ്മീഷൻ പിശകുകൾ ചൂണ്ടിക്കാണിച്ച് റദ്ദാക്കിയ കരാറിനാണ് സാധൂകരണം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. പൊതുതാത്പര്യം മുൻനിർത്തിയാണ് തീരുമാനമെടുക്കുന്നതെന്ന് മന്ത്രിസഭായോഗം അറിയിച്ചു.
പുതിയ ടെൻഡർ വിളിച്ചാൽ ഉയർന്ന വില നൽകേണ്ടി വരും. ഇത് വൈദ്യുതി ചാർജിലും പ്രതിഫലിക്കും. അതുകൊണ്ട് റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറുകൾക്ക് സാധൂകരണം നൽകുന്നതാണ് ഉചിതം എന്നും മന്ത്രിസഭാ വിലയിരുത്തി. ഓൺലൈനായി ചേർന്ന മന്ത്രിസഭയോഗമാണ് ഈ തീരുമാനമെടുത്തത്.
യുഡിഎഫ് കാലത്താണ് ഒരു മാസത്തെ ഇടവേളയിൽ രണ്ട് ദീർഘകാല വൈദ്യുതി കരാറുകളിൽ ഏർപ്പെട്ടത്. ടെൻഡർ മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തിയത് കൊണ്ടാണ് റെഗുലേറ്ററി കമ്മീഷൻ കരാർ അംഗീകരിക്കാതിരുന്നത്. ഒരു മാസത്തെ ഇടവേളയിൽ രണ്ട് ദീർഘകാല കരാറുകൾ വിളിച്ചതിൽ അസ്വഭാവികത ഉണ്ടെന്ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസും നിലപാട് എടുത്തിരുന്നു. ഒന്നാമത്തെ ടെൻഡറിൽ രണ്ടാമത് വന്ന കമ്പനിക്ക് രണ്ടാമത്തെ ടെൻഡർ നൽകി. ഇതാണ് പ്രധാന പിഴവായി റെഗുലേറ്ററി കമ്മീഷനും ഊർജ്ജവകുപ്പും ചൂണ്ടിക്കാണിച്ചത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക