സ്പീക്കറായ കാലത്തും കെ രാധാകൃഷ്ണനെ ഇഷ്ടപ്പെടാത്തവർ ഉണ്ടായിരുന്നു: മന്ത്രി വി ശിവൻകുട്ടി

'മന്ത്രി കെ രാധാകൃഷ്ണനെ ആക്ഷേപിക്കുന്നത് കേരളത്തിലെ ജനങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യം'

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെയുളള ജാതി വിവേചനം സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. മന്ത്രിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സ്പീക്കറായ കാലത്തും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവർ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നവോത്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന ആളുകളും, അവരുടെ അവകാശികളുമാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ.

ഇപ്പോൾ ഉണ്ടായത് മന്ത്രിയുടെ മാത്രം പ്രശ്നമല്ല, കേരളത്തിന്റെ സംസ്കാരത്തിന്റെ പ്രശ്നമാണെന്നും ശിവൻകുട്ടി പ്രതികരിച്ചു. മന്ത്രി കെ രാധാകൃഷ്ണനെ ആക്ഷേപിക്കുന്നത് കേരളത്തിലെ ജനങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും ഇത്തരം ആളുകൾക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടികൾ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് മന്ത്രി ജാതി വിവേചനം നേരിട്ടത്. ജാതിയുടെ പേരിൽ താൻ മാറ്റിനിർത്തപ്പെട്ടുവെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നു. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

മനസിൽ പിടിച്ച കറയാണ് ജാതി വ്യവസ്ഥയെന്നും അത് പെട്ടന്ന് മാറില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ പൊതു സമൂഹം ഇത്തരം ചിന്തകൾക്ക് എതിരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.

To advertise here,contact us