കേരളം ഉള്പ്പടെ ഒമ്പത് സംസ്ഥാനങ്ങളില് നിപ വൈറസ് സാന്നിധ്യം: സര്വേ റിപ്പോർട്ട്

കേരളത്തിൽ സ്ഥിരീകരിച്ച നിപ വൈറസ് മുമ്പ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദമാണെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. പൂനെ ഐസിഎംആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദേശീയ സർവേയിലാണ് കണ്ടെത്തൽ. ഇൻസ്റ്റിറ്റ്യൂട്ടിലെ എപ്പിഡമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മുൻ മേധാവി ഡ. രാമൻ ഗംഗാഖേദ്കർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ കണ്ടെത്തൽ പ്രകാരം കേരളത്തെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും ചെറിയ രീതിയിൽ വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുവരെ മറ്റ് സംസ്ഥാനങ്ങളിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. 2023 ജൂലൈ വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ നടന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഡോ. ഗംഗാഖേദ്കർ പറഞ്ഞു.

രോഗം സ്ഥിരീകരിച്ച ആദ്യവ്യക്തിയെ അഥവാ ഇൻഡക്സ് രോഗിയെ കണ്ടെത്തുക. വൈറസിന്റെ ഉറവിടം തിരിച്ചറിയുക. ഇൻഡക്സ് രോഗിയുമായി സമ്പർക്കമുണ്ടായവരെ മുഴുവൻ കണ്ടെത്തുക എന്നിവയെല്ലാം പ്രധാനമാണ്. 2018 ൽ കേരളത്തിൽ നിപബാധ സ്ഥിരീകരിച്ചപ്പോൾ ഇൻഡക്സ് രോഗി വവ്വാലുമായി നേരിട്ട് കോൺടാക്ടിൽ വന്നതായി കണ്ടെത്തിയിരുന്നു. വവ്വാലുകൾ മാമ്പഴം തിന്നാൻ വരുന്ന സമയമാണിത്. പഴവർഗങ്ങൾ കഴുകി വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കാനും വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും നിർദേശം നൽകിയിരുന്നു.

2021ൽ വീണ്ടും നിപ സ്ഥിരീകരിച്ചപ്പോൾ കൊവിഡ് സമയമായിരുന്നു. അതുകൊണ്ട് മാസ്ക് ധരിക്കുന്നതും ക്വാറന്റീൻ, ഐസൊലേഷൻ തുടങ്ങിയ കാര്യങ്ങളിലെ പരിചയവും നിപയെ കൈകാര്യം ചെയ്യാൻ സഹായിച്ചു. കേരളത്തിൽ ഇത്തരം വൈറസ് ബാധ കൈകാര്യം ചെയ്യാൻ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ആരോഗ്യസംവിധാനങ്ങളുണ്ടെന്ന് ഡോ. ഗംഗാഖേദ്കർ കൂട്ടിച്ചേർത്തു.

കേരളത്തിൽ സ്ഥിരീകരിച്ച നിപ വൈറസ് മുമ്പ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദമാണെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്. മലേഷ്യയിൽ കണ്ടെത്തിയ വകഭേദത്തെ അപേക്ഷിച്ച് ഈ വൈറസ് വകഭേദം ബാധിച്ചവരിൽ മരണനിരക്ക് കൂടുതലാണ്.

To advertise here,contact us