കരുവന്നൂര് ബാങ്ക് തട്ടിപ്പ്; സിപിഐഎമ്മിനെതിരെ മുന് വനിത ഭരണസമിതി അംഗങ്ങള്

സിപിഐഎമ്മിനെതിരെ ആരോപണവുമായി മുന് ബാങ്ക് ഡയറക്ടര് ലളിതനും രംഗത്തെത്തിയിരുന്നു.

icon
dot image

തൃശ്ശൂര്: കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില് സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബാങ്ക് മുന് വനിതാ ഭരണസമിതി അംഗങ്ങള്. സിപിഐ പ്രതിനിധിയായിരുന്ന മിനി, സിപിഐഎം പ്രതിനിധിയായിരുന്ന അമ്പിളി എന്നിവരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.

പി കെ ബിജുവും പി കെ ഷാജനും കരുവന്നൂര് ബാങ്ക് സിപിഐഎം അന്വേഷ സംഘത്തിന്റെ ഭാഗമായിരുന്നു. തങ്ങളെ പാര്ട്ടി ഓഫീസില് വിളിച്ച് കാര്യങ്ങള് തിരക്കിയിരുന്നുവെന്നും മിനിയും അമ്പിളിയും പറഞ്ഞു. സംഭവം വിഷയമായപ്പോള് പാര്ട്ടി ജില്ലാ നേതാക്കള് സഹായിച്ചില്ല. മനഃപൂര്വം കുറ്റക്കാരാക്കി. ആരെയൊക്കെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെന്നും മിനിയും അമ്പിളിയും പറഞ്ഞു.

സിപിഐഎമ്മിനെതിരെ ആരോപണവുമായി മുന് ബാങ്ക് ഡയറക്ടര് ലളിതനും രംഗത്തെത്തിയിരുന്നു. കട്ടവരെ കിട്ടാത്തതുകൊണ്ട് കിട്ടിയവരെ കുടുക്കാന് സിപിഐഎം ശ്രമിക്കുന്നുവെന്നാണ് ലളിതന്റെ ആരോപണം. കരുവന്നൂര് മുന് ബാങ്ക് സെക്രട്ടറിയും സിപിഐഎം ലോക്കല് സെക്രട്ടറി സുനില് കുമാറുമാണ് ചതിച്ചതെന്നും ലളിതന് ആരോപിച്ചു.

10.5 കോടി രൂപ തിരിച്ചു പിടിക്കാന് സഹകരണ വകുപ്പ് നടപടി ആരംഭിച്ചിരിക്കുകയാണ്. വീട് ജപ്തിയുടെ വക്കിലാണെന്നും ആത്മഹത്യ ആണ് ഇനി വഴിയെന്നും ലളിതന് വ്യക്തമാക്കി. തട്ടിപ്പിനെക്കുറിച്ച് പത്രസമ്മേളനം നടത്താന് ഒരുങ്ങിയെന്നും എന്നാല് സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്ഗീസ് തടഞ്ഞുവെന്നും ലളിതന് ആരോപിച്ചു. 'തുടര്ന്ന് ക്രൈംബ്രാഞ്ചിനെക്കൊണ്ട് വിളിപ്പിച്ചു. അത് ഭീഷണിയാണെന്ന് മനസ്സിലായി. ജയിലില് കിടന്നപ്പോള് പോലും പാര്ട്ടിക്കാര് സഹായിച്ചിട്ടില്ല. സിപിഐ അംഗങ്ങളെ ബലിയാടാക്കുന്നു. ഇലക്ഷന് കഴിയുന്നത് വരെ വാ മൂടികെട്ടണമെന്ന് സിപിഐഎം പറഞ്ഞു. എല്ഡിഎഫ് വിജയിച്ചാല് എല്ലാം ശരിയാകുമെന്നും പറഞ്ഞു'; ലളിതന് പറഞ്ഞു.

കാനം രാജേന്ദ്രനോട് പരാതി പറഞ്ഞിരുന്നതായും ലളിതന് വെളിപ്പെടുത്തി. എന്നാല് കാനം വിചാരിച്ചാല് ഇതില് ഒന്നും ചെയ്യാന് കഴിയില്ലെന്നും ഇവിടെ ഭരിക്കുന്നത് സിപിഐഎം ആണെന്നും ലളിതന് വ്യക്തമാക്കി. അവരുടെ നേതാക്കളെ മാത്രം രക്ഷപ്പെടുത്താന് ശ്രമിക്കുക്കുകയാണ്. സിപിഐക്ക് സഹായിക്കാന് പരിമിതി ഉണ്ടെന്നും ലളിതന് ചൂണ്ടിക്കാണിച്ചു. തട്ടിപ്പ് അറിഞ്ഞപ്പോള് രാജി വെച്ചിരുന്നുവെന്നും രണ്ടുവട്ടം ഡയറക്ടര് ബോര്ഡ് അംഗമായിരുന്ന ലളിതന് വ്യക്തമാക്കി. ഇഡി അന്വേഷണം കൃത്യമായ ദിശയിലാണെന്ന് ചൂണ്ടിക്കാണിച്ച ലളിതന് എ സി മൊയ്തീനെ കൂടാതെ സംസ്ഥാന നേതാക്കള്ക്ക് ഇതില് പങ്കുണ്ടോയെന്ന് ഇ ഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

കരുവന്നൂര് ബാങ്കില് 300 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തില്. ക്രമക്കേടുമായി ബന്ധപ്പെട്ട് കുന്നംകുളം എംഎല്എ എ സി മൊയ്തീന്റെ വീട്ടില് ഇഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ എ സി മൊയ്തീന് എംഎല്എയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നില് ചോദ്യം ചെയ്യലിന് ഹാജരായ എസി മൊയ്തീനോട് ഓഗസ്റ്റ് 19ന് വീണ്ടും ഇഡിക്ക് മുന്നില് ഹാജരാകാന് ആവശ്യപ്പെട്ടിട്ടുണ്ട്.

To advertise here,contact us
To advertise here,contact us
To advertise here,contact us