നിപ; കോഴിക്കോട് കനത്ത ജാഗ്രത; രോഗം പടർന്നത് മരുതോങ്കര സ്വദേശിയിൽ നിന്ന്; ഉറപ്പിച്ച് ആരോഗ്യവകുപ്പ്

മുഹമ്മദലി പനി ചികിത്സയ്ക്കായി എത്തിയ ആശുപത്രിയിലെ ലാബിൽ സൂക്ഷിച്ചിരുന്ന സ്രവ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്

കോഴിക്കോട്: കോഴിക്കോട് നിപ രോഗം പടർന്നത് കഴിഞ്ഞമാസം മുപ്പതിന് മരിച്ച മരുതോങ്കര സ്വദേശിയിൽ നിന്നെന്നുറപ്പിച്ച് ആരോഗ്യ വകുപ്പ്. മരിച്ച മുഹമ്മദലിക്കും ലാബ് പരിശോധനയിലൂടെ നിപ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മുഹമ്മദലി പനി ചികിത്സയ്ക്കായി എത്തിയ ആശുപത്രിയിലെ ലാബിൽ സൂക്ഷിച്ചിരുന്ന സ്രവ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്.

നിലവിൽ നാലു പേരാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. 83 പരിശോധനാ ഫലങ്ങൾ നെഗറ്റീവായി. എങ്കിലും 21 ദിവസം ക്വാറൻ്റീൻ തുടരും. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 1080 ആയി. ഇതിൽ 327 പേർ ആരോഗ്യ പ്രവർത്തകരാണ്. 29 പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂർ പ്രദേശം കണ്ടെയ്ൻ്റ്മെൻറ് സോണായി പ്രഖ്യാപിച്ചു. ചെറുവണ്ണൂർ സ്വദേശിയായ 39 കാരന് രോഗം സ്ഥിരീകരിച്ചതിനാൽ ഈ മേഖല കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഇയാളുടെ റൂട്ട് മാപ്പും പുറത്ത് വിട്ടു.

പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരാഴ്ചത്തേക്ക് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്, അടുത്ത ശനിയാഴ്ചവരെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ തീരുമാനിച്ചത്. പകരം ഓൺലൈൻ ക്ലാസ് നടത്തും.

To advertise here,contact us