കെഎസ്ആർടിസിയിൽ ഓഗസ്റ്റ് മാസത്തെ ശമ്പളവും മുടങ്ങി; സമരത്തിലേക്ക് നീങ്ങാൻ തൊഴിലാളി സംഘടനകൾ

സർക്കാർ സാമ്പത്തിക സഹായം ലഭിക്കാത്തതാണ് കാരണമായി കെഎസ്ആർടിസി മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നത്. ശമ്പളം വൈകുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാർ.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഓഗസ്റ്റ് മാസത്തെ ശമ്പളവും മുടങ്ങി. ഈ മാസം അഞ്ചിന് വിതരണം ചെയ്യേണ്ട ആദ്യ ഗഡു ശമ്പളമാണ് മുടങ്ങിയത്. ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ സമരത്തിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതും മുടങ്ങുന്നതും പുതുമയല്ല. കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം പതിവിലും വൈകിയാണ് വിതരണം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം രണ്ടു ഗഡുക്കളായാണ് ശമ്പള വിതരണം. സർക്കാർ സാമ്പത്തിക സഹായം ലഭിക്കാത്തതാണ് കാരണമായി കെഎസ്ആർടിസി മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നത്. ശമ്പളം വൈകുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാർ. ശമ്പളം ഇനിയും വൈകിയാൽ തെരുവിൽ ഇറങ്ങേണ്ടി വരുമെന്നാണ് തൊഴിലാളി യൂണിയനുകളുടെ മുന്നറിയിപ്പ്.

റെക്കോർഡ് കളക്ഷൻ ഉണ്ടായിട്ടും ശമ്പളം മുടങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. എല്ലാ മാസവും അഞ്ചിന് ശമ്പളത്തിന്റെ ആദ്യ ഗഡുവും 15 ന് രണ്ടാം ഗഡുവും നൽകുമെന്നായിരുന്നു മാനേജ്മെന്റിന്റെ ഉറപ്പ്. കഴിഞ്ഞ മൂന്നുമാസമായി വാക്കുപാലിക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. ഓണത്തിന് ആനുകൂല്യങ്ങൾ വിതരണം ചെയ്തത് പോലും പ്രതിഷേധത്തിന് ഒടുവിൽ ആയിരുന്നു. തിങ്കളാഴ്ച മുതൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

To advertise here,contact us