വൈദ്യുതി പ്രതിസന്ധി; അധിക നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം അറിയണം

അധിക നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വീണ്ടും യോഗം ചേരും.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ അധിക നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വീണ്ടും യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം 21 ന് വീണ്ടും യോഗം ചേരാനാണ് നിലവിൽ തീരുമാനം. ദീർഘകാല കരാർ നീട്ടാൻ അപേക്ഷ നൽകുന്നതിലും തീരുമാനം 21 ന് ശേഷമുണ്ടാവും.

ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. ആകെ സംഭരണശേഷിയുടെ 30% വെള്ളം മാത്രമാണ് ഡാമുകളിൽ ശേഷിക്കുന്നത്. നിലവിൽ ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്ത് നിന്ന് വാങ്ങുന്നത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന. പ്രതിസന്ധി പരിഹരിക്കാൻ നിരക്ക് വർധന വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നാണ് മന്ത്രി സൂചന നൽകിയത്. ഓണത്തിന് മുൻപ് തന്നെ നിരക്ക് വർധന പ്രഖ്യാപിച്ചേക്കും. മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നിരുന്നു.

അതേസമയം, കാലവർഷം ദുർബലമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു താഴ്ന്നു. ഇപ്പോൾ അണക്കെട്ടിൽ 32% വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 81% വെള്ളമുണ്ടായിരുന്നു. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 30% ഇടുക്കിയിൽ നിന്നാണ്.

To advertise here,contact us