തിരുവനന്തപുരം: ചോദ്യോത്തരവേളയിൽ സഭയ്ക്കുള്ളിൽ അലഞ്ഞുതിരിഞ്ഞാൽ എംഎൽഎമാരുടെ പേരു പറയാൻ താൻ നിർബന്ധിതനാകുമെന്ന് സ്പീക്കർ എ എൻ ഷംസീറിന്റെ മുന്നറിയിപ്പ്. അംഗങ്ങൾ ചോദ്യം ചോദിക്കുമ്പോൾ മുതിർന്ന അംഗങ്ങൾ പോലും സഭയിലൂടെ അലഞ്ഞുതിരിയുകയാണ്. പലപ്പോഴും ചോദ്യകർത്താവിന്റെ കുറുകെ നടക്കുന്നു. ഇതാവർത്തിച്ചാൽ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നവരുടെ പേരു പറയാൻ താൻ നിർബന്ധിതനാകുമെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം പറഞ്ഞു.
ചോദ്യോത്തര വേളയിൽ മന്ത്രിമാർ ഉൾപ്പടെയുള്ളവർ എഴുന്നേറ്റ് നടക്കുന്നതിൽ സ്പീക്കർ അസ്വസ്ഥനായിരുന്നു. മന്ത്രി ആന്റണി രാജുവിനെയും പ്രതിപക്ഷ നേതാവിനെയും വിളിച്ച് സ്വന്തം സീറ്റിൽ ഇരുത്തുകയും ചെയ്തിരുന്നു. ഒരംഗം എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിക്കുമ്പോൾ അദ്ദേഹത്തിനും സ്പീക്കറിനും ഇടയിലൂടെ കുറുകെ കടക്കാൻ പാടില്ലെന്ന് ചട്ടമുണ്ട്. പലരും ഈ ചട്ടം ലംഘിച്ചതോടെയാണ് സ്പീക്കർ മുന്നറിയിപ്പ് നൽകിയത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം കണക്കിലെടുത്ത് നിയമസഭാ സമ്മേളനം ഇന്നലെ താൽക്കാലികമായി പിരിഞ്ഞു. സെപ്റ്റംബർ 11-ന് സമ്മേളനം പുനഃരാരംഭിക്കും. 14 വരെയായിരിക്കും ഈ സമ്മേളനകാലം.