ആലുവ കൊലപാതകം; പ്രതി അസ്ഫാക്ക് നേരത്തെയും പോക്സോ കേസിൽ പ്രതി, ജാമ്യത്തിലിറങ്ങി മുങ്ങി

ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

ആലുവ: ആലുവയിൽ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്കിന് ക്രിമിനൽ പശ്ചാത്തലമെന്ന് സൂചന. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്നാണ് വിവരം. ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു മാസം ജയിലിൽ കിടന്ന അസ്ഫാക്ക് ജാമ്യത്തിൽ ഇറങ്ങിയ ശേഷം നാടുവിടുകയായിരുന്നു.

അസ്ഫാക്കിനെ ഇന്ന് നേരിട്ട് ഹാജരാക്കാനാണ് പോക്സോ കോടതി നിർദ്ദേശം. പ്രതിയുടെ മുഖം മറക്കാതിരുന്നതിന് പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ കൊണ്ട് വരുമ്പോൾ മാത്രമല്ല തുടക്കം മുതൽ മുഖം മറയ്ക്കണമായിരുന്നു. സാക്ഷികൾക്ക് നേരത്തെ പ്രതിയെ തിരിച്ചറിയാൻ അവസരം നൽകുന്നത് പ്രതിഭാഗം ഉപയോഗിക്കും. തിരിച്ചറിയൽ പരേഡ് നടത്തുന്നു എങ്കിൽ മുഖം മറയ്ക്കണമായിരുന്നെന്നും കോടതി പറഞ്ഞു.

അതേസമയം ആലുവയിൽ 5 വയസുകാരിയുടെ അരുംകൊല നടന്ന രാത്രിയിൽ എറണാകുളം ജില്ലയിൽ മദ്യവും ലഹരി മരുന്നും ഉപയോഗിച്ചതിന് അറസ്റ്റിലായത് 464 പേർ. പൊലീസിന്റെ നൈറ്റ് കോമ്പിംഗ് റിപ്പോർട്ട് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. രാസലഹരി വസ്തുക്കളുമായി 46 പേർ പിടിയിലായപ്പോൾ, മദ്യപിച്ച് വാഹനമോടിച്ചതിന് 349 പേർ പിടിയിലായി. രാസലഹരി വസ്തുക്കളുമായി പിടിയിലായ 46 പേരിൽ 39 പേർ ലഹരി മരുന്ന് ഉപയോഗിക്കുമ്പോഴും നാല് പേർ ലഹരി വിൽക്കുമ്പോഴും മൂന്ന് പേർ വാങ്ങുമ്പോഴുമാണ് പിടിയിലായത്.

To advertise here,contact us