'മുതലപ്പൊഴി അടച്ചിടില്ല'; മണലും കല്ലും നീക്കും, ഡ്രഡ്ജിംഗ് അദാനി ഗ്രൂപ്പ് നടത്തുമെന്ന് സജി ചെറിയാൻ

'സാന്ഡ് ബൈപ്പാസിങിന് ഒരു കോടി അനുവദിച്ചു'

തിരുവനന്തപുരം: മുതലപ്പൊഴി അടച്ചിടില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. 24 മണിക്കൂറിനുള്ളിൽ ഡ്രഡ്ജിംഗ് നടത്താനാണ് മന്ത്രി തല സമിതിയുടെ നിർദേശം. ഇത് സമയബന്ധിതമായി പൂർത്തിയാക്കും. നാളെ തന്നെ പണി തുടങ്ങും. മുതലപ്പൊഴിയിലെ മണലും കല്ലും നീക്കാൻ സർക്കാർ അദാനി ഗ്രൂപ്പിനോട് നിർദേശിച്ചിട്ടുണ്ട്. ഡ്രഡ്ജർ രണ്ടോ മൂന്നോ ദിവസത്തിനകം എത്തിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ഡ്രഡ്ജിംഗ് നടത്താനുളള സാധനങ്ങൾ വിഴിഞ്ഞത്ത് ഉണ്ട്. കല്ല് നീക്കാൻ ലോങ് ബൂം ക്രെയിൻ ഉപയോഗിക്കും. ഡ്രഡ്ജിങ് നടത്താനുളള ഉത്തരവാദിത്തം അദാനിക്ക് ആണെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരും അദാനി ഗ്രൂപ്പും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതലപ്പൊഴി അടച്ചിടരുതെന്ന് നേരത്തെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

സാന്ഡ് ബൈപ്പാസിങിന് ഒരു കോടി അനുവദിച്ചിട്ടുണ്ട്. സാൻഡ് ബൈപ്പാസിങ് 11 കോടി അനുവദിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മുതലപ്പൊഴിയിൽ ആറ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. മൂന്ന് റെസ്ക്യു ബോട്ടുകൾ ഉണ്ടാകും. മൂന്ന് ഷിഫ്റ്റുകളിലായി പത്ത് ഡൈവിങ് വിദഗ്ധരും ഉണ്ടാകും. ഒരു ആംബുലൻസ് മുഴുവൻ സമയമുണ്ടാകും. മുതലപ്പൊഴി താത്ക്കാലികമായി അടച്ചിടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുതലപ്പൊഴിയെ അപകട രഹിത ഹാർബറാക്കി മാറ്റുകയാണ് ലക്ഷ്യം. ഹർബറിന്റെ അറ്റകുറ്റപ്പണി എന്ന് തീരുമെന്നത് കാലാവസ്ഥക്ക് അനുസരിച്ചിരിക്കും. നിർമ്മാണത്തിന് പണം ഒരു വിഷയമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുതലപ്പൊഴി അടച്ചിടില്ലെന്ന തീരുമാനത്തെ മത്സ്യത്തൊഴിലാളികൾ സ്വാഗതം ചെയ്തു. അടച്ചിടൽ ഉപേക്ഷിച്ചതിൽ ആശ്വാസമുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

To advertise here,contact us