കൊച്ചി: കേരളത്തിലെ വളര്ച്ച മുരടിപ്പ് എങ്ങനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ലോക്സഭ തിരഞ്ഞെടുപ്പില് ചില മണ്ഡലങ്ങളിലെങ്കിലും വിജയിക്കാനുള്ള കഠിനശ്രമത്തിലാണ് കേന്ദ്ര നേതാക്കള്. ഇതിന്റെ ഭാഗമായി നടന് ഉണ്ണി മുകുന്ദനെ പത്തനംതിട്ട ലോക്സഭ മണ്ഡലത്തില് സ്ഥാനാര്ത്ഥിയാക്കാന് സജീവ ആലോചനകളാണ് നടക്കുന്നത്.
ശബരിമല ഉള്പ്പെടുന്ന പാര്ലമെന്റ് മണ്ഡലത്തില് ഉണ്ണി മുകുന്ദന് വോട്ട് നേടാന് കഴിയുമെന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്. 'മാളികപ്പുറം' ചിത്രം വലിയ വിജയം നേടിയതിന് ശേഷമുള്ള ഉണ്ണി മുകുന്ദന്റെ പ്രതിഛായ മണ്ഡലത്തില് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.
ഉണ്ണി മുകുന്ദനെയും കുമ്മനം രാജശേഖരനെയുമാണ് പത്തനംതിട്ട സീറ്റിലേക്ക് പരിഗണിക്കുന്നത്. ഉണ്ണി മുകുന്ദന് മണ്ഡലത്തില് മത്സരിക്കാനെത്തിയാല് അത് കളി മാറ്റുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ വാദം. 2019ല് മണ്ഡലത്തില് മത്സരിച്ച കെ സുരേന്ദ്രന് ഇത്തവണ എവിടെയും സ്ഥാനാര്ത്ഥിയാകില്ല. പ്രചാരണത്തെ മുന്നില് നിന്ന് നയിക്കാനാണ് സുരേന്ദ്രന് ഇക്കുറി താല്പര്യപ്പെടുന്നത്.
ഏപ്രില് 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയപ്പോള് ഉണ്ണി മുകുന്ദന് കാണാനെത്തിയിരുന്നു. ഒരു മണിക്കൂറോളം ഇവരുടെ കൂടിക്കാഴ്ച നീണ്ടുനിന്നിരുന്നു. പ്രധാനമന്ത്രി തന്നില് നിന്ന് എന്താണോ ആഗ്രഹിക്കുന്നത് അത് നല്കാന് താന് തയ്യാറാണ് എന്ന നിലപാടാണ് ഉണ്ണി മുകുന്ദനുള്ളതെന്നാണ് പാര്ട്ടി വൃത്തങ്ങള് പറയുന്നു.