മലേഷ്യൻ പരമോന്നത ബഹുമതി; സമസ്ത കേരള ജംഇയ്യത്തുല് ഉലമയ്ക്ക് കിട്ടിയ അംഗീകാരമെന്ന് കാന്തപുരം

കാന്തപുരത്തിന്റെ ഏഴു പതിറ്റാണ്ട് നീണ്ട സാമൂഹിക പ്രവര്ത്തനത്തിനുള്ള അംഗീകാരമാണ് പുരസ്കാരം

കോഴിക്കോട്: മലേഷ്യന് പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമെന്ന് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാർ. മലേഷ്യയിൽ നിന്ന് കോഴിക്കോട് കാന്തപുരത്ത് തിരിച്ചെത്തിയ അബൂബക്കർ മുസ്ലിയാർക്ക് പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. മലേഷ്യന് രാജാവ് അല് സുല്ത്താന് അബ്ദുല്ല സുല്ത്താന് അഹ്മദ് ഷായിൽ നിന്ന് കഴിഞ്ഞ ദിവസമാണ് എ പി അബൂബക്കർ മുസ്ലിയാർ പുരസ്കാരം സ്വീകരിച്ചത്.

കാന്തപുരത്തിന്റെ ഏഴു പതിറ്റാണ്ട് നീണ്ട സാമൂഹിക പ്രവര്ത്തനത്തിനുള്ള അംഗീകാരമാണ് പുരസ്കാരം. സമാധാനത്തിനും സൗഹാര്ദ്ദത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി പ്രവര്ത്തിക്കുന്ന മുസ്ലിം പണ്ഡിതരെയാണ് ബഹുമതിക്ക് പരിഗണിക്കുന്നത്. പുരസ്കാരം സ്വീകരിച്ച് ജന്മനാട്ടിൽ എത്തിയ എ പി അബൂബക്കർ മുസ്ലിയാരെ മന്ത്രിമാരും ജനപ്രതിനിധികളും പൗരാവലിയും ചേർന്നാണ് സ്വീകരിച്ചത്.

രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിച്ചവരെ ഒറ്റപ്പെടുത്താൻ കാന്തപുരത്തിൻ്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്ക് കഴിഞ്ഞുവെന്ന് മന്ത്രി വി അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി. മന്ത്രി മുഹമ്മദ് റിയാസ്, എം കെ രാഘവൻ എം പി തുടങ്ങി വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടന നേതാക്കളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

To advertise here,contact us