തോടുകളിലും പുഴകളിലും അനധികൃത മീൻപിടിത്തം വ്യാപകം; 15000 രൂപ പിഴ ചുമത്തും

ഫിഷറീസ്, റവന്യു, പൊലീസ് വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതിനെതിരെ നടപടിയെടുക്കാം.

തിരുവനന്തപുരം: തോടുകളിലും പുഴകളിലും മീൻപിടിത്തം വ്യാപകമായതിനാൽ ഇനിമുതൽ പിഴ ചുമത്തും. തടയണകളും വരമ്പുകളുമുള്ള ഭാഗങ്ങളിലാണ് കെണികളും വലയും ഉപയോഗിച്ച് നീരൊഴുക്ക് അടച്ചു കെട്ടിയുള്ള നിയമവിരുദ്ധ മീൻപിടിത്തം സജീവമായത്. അടച്ചുകെട്ടിയുള്ള മീൻപിടിത്തം പുതിയ നിയമ പ്രകാരം 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണ്. ഫിഷറീസ്, റവന്യു, പൊലീസ് വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതിനെതിരെ നടപടിയെടുക്കാം.

വേനലിൽ വറ്റാത്ത ജലസ്രോതസുകളിൽ കഴിഞ്ഞിരുന്ന മീനുകൾ മഴക്കാലത്ത് പ്രജനനത്തിനായി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുകയും കെണികളിൽ പെടുകയും ചെയ്യും. നാടൻ മത്സ്യങ്ങളിൽ ഒട്ടേറെ ഇനങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയാണ്. തോടുകളുടെയും പുഴകളുടെയും കുറുകെ പൂർണമായി വലകൾ വലിച്ചു കെട്ടുന്നതോടെ സഞ്ചാരപാത മീനുകൾക്ക് നഷ്ടമാകും.

ഇതോടെ മത്സ്യങ്ങൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് എത്താൻ പറ്റാതാവുകയും വംശവർധന തടയുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. രുചിയിലും ഗുണത്തിലും നാടൻ മത്സ്യങ്ങൾ ഏറെ മുന്നിട്ടു നിൽക്കുന്നതിനാൽ ഇവയെ പിടികൂടുന്നതും വർധിച്ചിരിക്കുകയാണ്.

To advertise here,contact us