'ലഹരി മാഫിയക്കെതിരെ സ്പെഷ്യൽ ടീം'; ഗുണ്ടാ ആക്രമണം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

'പൊലീസ് സേനയിൽ അച്ചടക്ക ലംഘനം അനുവദിക്കില്ല'

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സ്പെഷ്യല് ടീം രൂപീകരിക്കുമെന്ന് ഡിജിപിയായി ചുമതലയേറ്റ ഷേഖ് ദര്വേഷ് സാഹിബ്. റേഞ്ച് അടിസ്ഥാനത്തിലായിരിക്കും സ്പെഷ്യല് ടീമിനെ രൂപീകരിക്കുക. ലഹരിക്കേസുകളിലെ പരിശോധനാ ഫലം വേഗത്തിലാക്കുമെന്നും ഡിജിപി അറിയിച്ചു. ചുമതലയേറ്റതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.

ഗുണ്ടാ ആക്രമണം തടയാന് കര്ശന നടപടി സ്വീകരിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കും. സൈബര് കുറ്റകൃത്യങ്ങളെ ഗൗരവമായി നേരിടുമെന്നും ഡിജിപി പറഞ്ഞു. പൊലീസ് സേനയിൽ അച്ചടക്ക ലംഘനം അനുവദിക്കില്ല. പൊലീസ് സേന പൊതുജനങ്ങള്ക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുമെന്നും ഷേഖ് ദർവേഷ് സാഹിബ് വ്യക്തമാക്കി.

മുൻ ഡിജിപി അനിൽ കാന്തിന്റെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ ഡിജിപിയായി ഷേഖ് ദര്വേഷ് സാഹിബ് ചുമതലയേറ്റത്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. 1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ ദർവേഷ് സാഹിബ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഡയറക്ടർ ജനറലായും ജോലി ചെയ്തിട്ടുണ്ട്. വയനാട്, പാലക്കാട്, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ എസ്പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാൻഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

To advertise here,contact us