ഓളപ്പരപ്പിലെ ആഘോഷം; ജലോത്സവങ്ങൾക്ക് തുടക്കമിട്ട് ചമ്പക്കുളം വള്ളംകളി ആരംഭിച്ചു

പമ്പയാറ്റിൽ രാജ പ്രമുഖൻ ട്രോഫിക്കു വേണ്ടി നടക്കുന്ന പോരാട്ടത്തിൽ ആറ് ചുണ്ടൻ വള്ളങ്ങൾ അടക്കം 13 കളിവള്ളങ്ങളാണ് പങ്കെടുക്കുന്നത്

ആലപ്പുഴ : കേരളത്തിന്റെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി ആരംഭിച്ചു. പമ്പയാറ്റിൽ രാജ പ്രമുഖൻ ട്രോഫിക്കു വേണ്ടി നടക്കുന്ന പോരാട്ടത്തിൽ ആറ് ചുണ്ടൻ വള്ളങ്ങൾ അടക്കം 13 കളിവള്ളങ്ങളാണ് പങ്കെടുക്കുന്നത്. 450 വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച മൂലം വള്ളം കളിക്ക് ആചാരപരമായ നിരവധി പ്രത്യേകതകളുമുണ്ട്.

മിഥുന മാസത്തിലെ മൂലം നാളിലാണ് ആദ്യ വള്ളം കളിയെന്ന വിശേഷണത്തോടെ ചമ്പക്കുളം മൂലം വള്ളംകളിക്ക് തുടക്കമിടുന്നത്. നാനൂറോളം വർഷം പഴക്കമുള്ള ഈ ജലമേള മുമ്പ് മൂലക്കാഴ്ച എന്നാണ് അറിയപ്പെട്ടിരുന്നത്. അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ചമ്പക്കുളം വള്ളംകളിയുടെ ആഘോഷം.

പമ്പയാറ്റിലൂടെയുള്ള ഘോഷയാത്രയ്ക്ക് ശേഷമാണ് വള്ളം കളി തുടങ്ങുക. 1952 ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് വള്ളം കളി കാണാനെത്തുകയും വിജയിക്കുന്ന വള്ളത്തിന് രാജ പ്രമുഖൻ അവാർഡ് ഏർപ്പെടുത്തുകയും ചെയ്തു. അന്ന് മുതൽ രാജ പ്രമുഖൻ ട്രോഫിക്ക് വേണ്ടിയാണ് വള്ളം കളി മത്സരം നടക്കുന്നത്.

To advertise here,contact us