പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ NYPDയുടെ ആ വിവാദ സ്‌പെഷ്യല്‍ ഫോഴ്‌സ് ഇനിയില്ല; വാക്ക് പാലിച്ച് മംദാനി

ഭരണഘടനാപരമായ പ്രതിഷേധ അവകാശങ്ങള്‍ വിനിയോഗിക്കുന്ന ജനങ്ങളെ ഭീകരവാദ ഭീഷണിയെന്ന പോലെ നേരിടാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മേയറുടെ ഈ നിര്‍ണായക നടപടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മംദാനി നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നിയോഗിച്ചിരുന്ന ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (NYPD) വിവാദ വിഭാഗമായ 'സ്ട്രാറ്റജിക് റെസ്പോണ്‍സ് ഗ്രൂപ്പ്' (SRG) പിരിച്ചുവിടാന്‍ ഉത്തരവിട്ട് മേയര്‍ സൊഹ്‌റാന്‍ മംദാനി. ഭരണഘടനാപരമായ പ്രതിഷേധ അവകാശങ്ങള്‍ വിനിയോഗിക്കുന്ന ജനങ്ങളെ ഭീകരവാദ ഭീഷണിയെന്ന പോലെ നേരിടാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മേയറുടെ ഈ നിര്‍ണായക നടപടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മംദാനി നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.

'പ്രതിഷേധങ്ങളെ നേരിടാനും അവയോട് പ്രതികരിക്കാനും നഗരം തയ്യാറെടുക്കുന്ന രീതിയില്‍ ഈ സമഗ്ര പരിഷ്‌കരണം മാറ്റം കൊണ്ടുവരും. ആശയവിനിമയം, സംഘര്‍ഷം ലഘൂകരിക്കല്‍, പൊതുജനങ്ങളുമായുള്ള ഏകോപനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം ന്യൂയോര്‍ക്കുകാരുടെ ഭരണഘടനാപരമായ പ്രതിഷേധാവകാശം സംരക്ഷിക്കുന്നതിനും ഈ സമീപനം ഊന്നല്‍ നല്‍കും,'' മംദാനിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

പത്ത് വര്‍ഷം മുമ്പ് ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച 500 അംഗ പ്രത്യേക സേനയായിരുന്നു സ്ട്രാറ്റജിക് റെസ്പോണ്‍സ് ഗ്രൂപ്പ്. ഗസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ കൊളംബിയ സര്‍വകലാശാലയിലടക്കം നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍, ഫലസ്തീന്‍ അനുകൂല റാലികള്‍, 2020ലെ ജോര്‍ജ് ഫ്ളോയ്ഡ് പ്രതിഷേധങ്ങള്‍, കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരങ്ങള്‍ എന്നിവയ്ക്കിടെ ഈ സേന ക്രൂരമായ ബലപ്രയോഗം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. കവചിത വേഷത്തിലെത്തി ലാത്തിച്ചാര്‍ജ് നടത്തിയും കണ്ണീര്‍വാതകവും പെപ്പര്‍ സ്പ്രേയും പ്രയോഗിച്ചും കൂട്ട അറസ്റ്റുകള്‍ നടത്തിയും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയെന്ന വിമര്‍ശനവും സേനയ്ക്കെതിരെ വ്യാപകമായി ഉയര്‍ന്നു.

മേയറുടെ ഓഫീസിന് (Office of Safety and Community) കീഴില്‍ സിവിലിയന്മാര്‍ നേതൃത്വം നല്‍കുന്ന കമ്മ്യൂണിറ്റി ഡയലോഗ് ആന്‍ഡ് ഡി-എസ്‌കലേഷന്‍ ഡിവിഷനാണ് (Community Diqalogue and De-escalation Division) ഇതിന് പകരമെത്തുന്നത്. ഇവര്‍ യൂണിഫോം ധാരികളായ പൊലീസുകാരായിരിക്കില്ലെന്നും ആയുധങ്ങള്‍ കൈവശം വെക്കാനോ അറസ്റ്റ് ചെയ്യാനോ ഇവര്‍ക്ക് അധികാരമുണ്ടായിരിക്കില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരുമായി സംസാരിച്ച് സംഘര്‍ഷ സാധ്യത കുറയ്ക്കുക എന്നതാണ് ഇവരുടെ പ്രധാന ചുമതല.

പുതിയ ഡിവിഷന്റെ ഭാഗമായി ആശയവിനിമയത്തിലും സംഘര്‍ഷ ലഘൂകരണത്തിലും പ്രത്യേക പരിശീലനം ലഭിച്ച 30 യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും പ്രവര്‍ത്തിക്കും. പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റ് ചെയ്യേണ്ടിവരുന്ന അപൂര്‍വ ഘട്ടങ്ങള്‍ക്കായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേന രൂപീകരിക്കും.എസ്ആര്‍ജിയുടെ ഭീകരവാദ വിരുദ്ധ ചുമതലകള്‍ NYPDയുടെ ഇന്റലിജന്‍സ് ആന്‍ഡ് കൗണ്ടര്‍ ടെററിസം ബ്യൂറോയിലേക്ക് മാറ്റും.

പ്രതിഷേധങ്ങള്‍ക്കിടെ കണ്ണീര്‍ വാതകം, തോക്കുകള്‍, പെപ്പര്‍ സ്‌പ്രേ എന്നിവ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചു. ശബ്ദ ഉപകരണങ്ങളുടെ (LRAD) ഉപയോഗം 90 ഡെസിബെലായി പരിമിതപ്പെടുത്തി. കൂടാതെ, ജീവഹാനിയോ ഗുരുതര പരിക്കോ ഒഴിവാക്കാന്‍ അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ പൊലീസ് സൈക്കിളുകള്‍ പ്രതിരോധത്തിനായി ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

പൊലീസിന്റെ കടുത്ത നടപടികള്‍ തടഞ്ഞ് ഒന്നാം ഭേദഗതി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൗണ്‍സില്‍ അംഗം ചി ഒസ്സെ (Chi Ossé) അവതരിപ്പിച്ച CURB Act (Communities United to Reject Police Brutality)-ന് മംദാനി പിന്തുണ പ്രഖ്യാപിച്ചു. പൊലീസ് വിന്യാസത്തെക്കുറിച്ച് മൂന്ന് മാസത്തിലൊരിക്കല്‍ പൊതു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വ്യവസ്ഥയുണ്ട്.

''ഭരണഘടനാപരമായ പ്രതിഷേധാവകാശം വിനിയോഗിക്കുന്ന ന്യൂയോര്‍ക്കുകാര്‍ ഭീകരവാദ ഭീഷണികളെ നേരിടുന്നതുപോലെയുള്ള പൊലീസ് നടപടികള്‍ക്ക് ഇരയാകരുത്. സംവാദം, ജനങ്ങളുമായുള്ള ഇടപെടല്‍, സംഘര്‍ഷം ലഘൂകരിക്കല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന പുതിയൊരു സിവിലിയന്‍ നേതൃത്വത്തിലുള്ള സമീപനമാണ് ഞങ്ങള്‍ നടപ്പാക്കുന്നത്. കൗണ്‍സില്‍ അംഗം ചി ഓസ്സെയുടെ CURB നിയമനിര്‍മാണത്തിലൂടെ ആവശ്യപ്പെട്ട പ്രധാന മാറ്റങ്ങള്‍ ഈ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നു. ഈ ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ന്യൂയോര്‍ക്കുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും നമ്മുടെ സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും പരസ്പരപൂരകമായ കാര്യങ്ങളാണ്,' കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ മംദാനി പറഞ്ഞു.

നഗരത്തിന് അധിക സാമ്പത്തിക ബാധ്യതയോ പൊലീസ് സേനയിലെ അംഗസംഖ്യയില്‍ മാറ്റമോ ഇല്ലാതെ 2027ഓടെ ഈ പുനസംഘടന പൂര്‍ത്തിയാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഈ തീരുമാനത്തെ ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (NYCLU) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോണ ലീബര്‍മാന്‍ സ്വാഗതം ചെയ്യുകയും ഇത് പ്രതിഷേധങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, 21,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന പൊലീസ് യൂണിയന്‍ മേയറുടെ നടപടിയെ ശക്തമായി എതിര്‍ത്തു. ഇതിനു പുറമെ, സുരക്ഷാ വീഴ്ചയുണ്ടാകുമോ എന്ന ആശങ്ക ചില ജൂത സംഘടനകളും പങ്കുവെച്ചു. എന്നാല്‍ എസ്ആര്‍ജി പിരിച്ചുവിട്ടാലും ക്രമസമാധാന പാലനത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പൊലീസ് കമ്മീഷണര്‍ ജെസീക്ക ടിഷ് വ്യക്തമാക്കി.

Content Highlight: New York Mayor Zohran Mamdani has ordered the disbandment of the NYPD's controversial Strategic Response Group (SRG), accused of using excessive force against protesters. The decade-old unit will be replaced by a civilian-led Community Dialogue and De-escalation Division, prioritising communication and conflict prevention. The reforms also introduce restrictions on the use of tear gas, firearms and pepper spray, support for the CURB Act and periodic public reporting on police deployments. The reorganisation is expected to be completed by 2027 without increasing the city's financial burden or police strength.

To advertise here,contact us