തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ തെക്കൻ ദ്വീപായ ഖ്വേഷമിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാൻ്റെ പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരം ദ്വീപിൽ അഞ്ചു മുതൽ ആറു വരെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് ഐആർഎൻഎ റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് ദ്വീപിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതെന്നാണ് ഹോർമോസ്ഗാൻ പ്രവിശ്യാ ഗവർണറുടെ രാഷ്ട്രീയ, സുരക്ഷാ, സാമൂഹികകാര്യ ഡെപ്യൂട്ടി അഹമ്മദ് നഫീസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ ആക്രമണത്തിൽ ദ്വീപിലെ താമസകേന്ദ്രങ്ങൾക്കോ വാണിജ്യ സ്ഥാപനങ്ങൾക്കോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കോ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും നഫീസി വ്യക്തമാാക്കിയിട്ടുണ്ട്. ഖ്വേഷമിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും രക്ഷാപ്രവർത്തന, സേവന, ഭരണ സംവിധാനങ്ങളെല്ലാം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബഹ്റൈനിലെ അമേരിക്കൻ സൈന്യം പ്രവർത്തിപ്പിക്കുന്ന റഡാർ സംവിധാനത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് നേരത്തെ അറിയിച്ചിരുന്നു. ബഹ്റൈനിലെ ഷെയ്ഖ് ഈസ വ്യോമതാവളത്തിൽ അമേരിക്കൻ സൈന്യം പ്രവർത്തിപ്പിക്കുന്ന റഡാർ സംവിധാനത്തിന് നേരെ ചൊവ്വാഴ്ച രാവിലെ കൃത്യമായ ലക്ഷ്യത്തോടെ ആക്രമണം നടത്തിയെന്നാണ് ഗാർഡ്സിന്റെ വെബ്സൈറ്റായ സെപാഹ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഇറാന്റെ വ്യോമാതിർത്തി അമേരിക്കൻ സൈനിക ഡ്രോണുകൾ ആവർത്തിച്ച് ലംഘിക്കുന്നതിനുള്ള തിരിച്ചടിയായാണ് ആക്രമണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ. ഇസ്ലാമിക് റിപ്പബ്ലിക് അംഗീകരിച്ച പാതകളിലൂടെ മാത്രമേ കപ്പലുകൾ കടന്നുപോകാവൂ എന്നാണ് ഇറാന്റെ നിലപാട്. അനുമതിയില്ലാതെ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ഇറാൻ നിരന്തരം ലക്ഷ്യമിടുന്നുണ്ട്. ഇതിന് മറുപടിയായി ഇറാനിയൻ തുറമുഖങ്ങൾക്കു നേരെ അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സഹായവും നൽകിവരുന്നു. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണിത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് തീപിടിച്ചതായുള്ള നിരവധി അറിയിപ്പുകൾ ഇറാൻ പുറത്തുവിട്ടിരുന്നു. ഇവയിൽ പലതും കടൽമൈനുകളിൽ തട്ടിയുണ്ടായ അപകടങ്ങളാണെന്നാണ് ഇറാന്റെ അവകാശവാദം. ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ മൂന്ന് എണ്ണക്കപ്പലുകൾ നാവിക മൈനുകളിൽ തട്ടിയതായി ഇറാന്റെ സായുധസേനയും അറിയിച്ചു. അതേസമയം, കടലിടുക്കിലെ പ്രധാന കപ്പൽപാതകളിൽനിന്ന് എല്ലാ മൈനുകളും നീക്കം ചെയ്തതായി അമേരിക്കൻ സൈന്യം അടുത്തിടെ അവകാശപ്പെട്ടിരുന്നു.
അമേരിക്കയ്ക്കെതിരെ 'ഡേർട്ടി ബോംബ്' ഉപയോഗിക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നിൽ ഇസ്രയേലിന്റെ ഇടപെടലാണെന്ന് ഇതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഇറാൻ രാസായുധങ്ങൾ ഉപയോഗിച്ച് വാഷിങ്ടണിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളെ അദ്ദേഹം തള്ളി. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇറാൻ വാഷിങ്ടണിൽ രാസായുധ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായും അണക്കെട്ടുകൾക്ക് അടിയിൽ മിസൈൽ താവളങ്ങൾ നിർമിക്കുന്നതായും കഴിഞ്ഞ 72 മണിക്കൂറിനിടെ ഇസ്രയേൽ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം അസംബന്ധമാണെന്ന് അരാഗ്ചി സമൂഹമാധ്യമത്തിൽ കുറിച്ചു. ഇറാഖ് യുദ്ധത്തിന് മുമ്പ് പ്രചരിപ്പിച്ചിരുന്നതിന് സമാനമായ വ്യാജപ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഇതിന് പിന്നിൽ ഇസ്രയേലിന്റെ ഇടപെടൽ വ്യക്തമായി കാണാമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രചാരണങ്ങൾ ആരും വിശ്വസിക്കില്ലെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. വാഷിങ്ടണിൽ 'ഡേർട്ടി ബോംബ്' പൊട്ടിക്കാനുള്ള സാധ്യത ഉൾപ്പെടെയുള്ള പദ്ധതികൾ ഇറാൻ ആസൂത്രണം ചെയ്യുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനകളുണ്ടെന്ന് ഉദ്യോഗസ്ഥരെയും മറ്റ് സ്രോതസുകളെയും ഉദ്ധരിച്ച് സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് റേഡിയോ ആക്ടീവ് വസ്തുക്കൾ വ്യാപിപ്പിക്കുന്ന ഉപകരണമാണ് ഡേർട്ടി ബോംബ്.
നേരത്തെ ഒമാൻ സന്ദർശനത്തിനിടെ ഖത്തർ പ്രതിനിധി സംഘവുമായി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ച നടത്തിയിരുന്നു.പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും പ്രാദേശിക സംഭവവികാസങ്ങളുമാണ് ചർച്ചയായതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള കൂടിയാലോചനകൾ തുടരേണ്ടതിന്റെ പ്രാധാന്യം അരാഗ്ചി കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. മേഖലയ്ക്ക് പുറത്തുനിന്നുള്ള ശക്തികൾ നടത്തുന്ന അസ്ഥിരതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന നീക്കങ്ങളെ ചെറുക്കാൻ പ്രാദേശിക രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: Reports say five to six explosions were heard on Iran's Qeshm Island following an alleged US military attack, raising tensions amid the ongoing Iran-US conflict