ബാങ്കോക്ക്: തായ്ലന്ഡില് വാണിജ്യ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 11 പേര് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ വിനോദസഞ്ചാര ദ്വീപായ ഫുക്കറ്റില്‍, വാഹന വാടക സേവനങ്ങളും വില്‍പ്പന നടക്കുന്ന ഓഫീസുകളും പ്രവര്‍ത്തിച്ചിരുന്ന വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 3.17-ഓടെയാണ് പാറ്റോങ്ങിലെ ഫാംഗ് മുവാങ് സായ് കോര്‍ റോഡിലുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫുക്കറ്റിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള പ്രശസ്തമായ പാറ്റോങ്ങ് ബീച്ചിന് സമീപം, നഗരപ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
വാഹനങ്ങള്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നാണ് തീപടർന്നെന്നും, പിന്നീട് അത് സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് കൂടി പടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തായ് അധികൃതരുടെ വിവരമനുസരിച്ച്, ഏകദേശം രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കുറഞ്ഞത് 100 മോട്ടോര്‍സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. അവയിലുണ്ടായിരുന്ന ഇന്ധനം, റബ്ബര്‍ ടയറുകള്‍, പ്ലാസ്റ്റിക് ഭാഗങ്ങള്‍ എന്നിവ തീ അതിവേഗം പടരാന്‍ കാരണമായെന്നും പാറ്റോംഗ് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയര്‍ സനകോണ് കീസിന് ദി നേഷന്‍ തായ്ലന്ഡിനോട് പറഞ്ഞു.
കെട്ടിടത്തിലുണ്ടായിരുന്ന പലരും തീയില്‍ നിന്ന് രക്ഷപ്പെടാനായി മുകളിലത്തെ നിലകളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും, കനത്ത പുക കാരണം പുറത്തുകടക്കാന്‍ സാധിച്ചില്ല. തീപിടിക്കാന്‍ എളുപ്പമുള്ള വസ്തുക്കളും വന്‍തോതിലുള്ള പുകയും കാരണം തീയണയ്ക്കാന്‍ അഗ്നിശമസേനാംഗങ്ങള് ഏറെ പ്രയാസപ്പെട്ടു. എങ്കിലും, രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുകയും അവിടെയുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം, തീപിടിത്തത്തില്‍ അഞ്ച് വാണിജ്യ സ്ഥാപനങ്ങള്‍ക്കും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി മോട്ടോര്‍ സൈക്കിളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പുക ശ്വസിച്ചതാണ് മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമെന്ന് കരുതപ്പെടുന്നു. മരിച്ചവര്‍ തായ്ലന്ഡ്, മ്യാന്മര് സ്വദേശികളാണ് എന്നാണ് വിവരം.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം അപകടമുണ്ടായതായെതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. തായ്ലന്ഡില് മുന്‍പും സമാനമായ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് അവിടുത്തെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ജൂലൈ മാസത്തില്‍ ബാങ്കോക്കിലെ തിരക്കേറിയ ഒരു ബാറില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏകദേശം 40 പേര് മരിച്ചിരുന്നു. ഒരു ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അന്ന് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 2022ല്‍, രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ഒരു മ്യൂസിക് പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 14 പേര് കൊല്ലപ്പെട്ടു. 2009 ജനുവരി 1-ന് തായ്ലന്‍ഡിന്റെ തലസ്ഥാനത്തുള്ള 'സാന്റിക്ക' നൈറ്റ്ക്ലബ്ബില് പുതുവത്സരാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ 67 പേര് കൊല്ലപ്പെടുകയും 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: An early-morning fire broke out at a commercial building on Phang Muang Sai Kor Road in Patong, Phuket, at around 3:17 am local time. The building housed vehicle rental services and sales offices. International media reports say 11 people were affected fatally, while 36 others were admitted to hospitals. The building is located in the urban area near the popular Patong Beach.