ഹൂതികൾക്കെതിരെ പോരാടുന്ന സംയുക്ത സേനയുടെ മേധാവിയെ തൽസ്ഥാനത്ത് നിന്ന് നീക്കി സൗദി അറേബ്യ

മക്ക, റിയാദ് മേഖലകൾ ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോണുകൾ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകർത്തതായി റിപ്പോർട്ട്

റിയാദ്: ഹൂതികൾ തൊടുത്ത രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ട് സൗദി സൈന്യം. യെമനിലെ ഹൂതി വിമതർക്കെതിരെ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണ് രണ്ട് ഡ്രോണുകൾ തടഞ്ഞതായി അറിയിച്ചത്. മക്ക, റിയാദ് മേഖലകൾ ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോണുകളാണ് സൈന്യം തകർത്തതെന്നാണ് വെളിപ്പെടുത്തൽ.

ഇതിനിടെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള യെമൻ സഖ്യസേനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ജോയിന്റ് ഫോഴ്‌സസിന്റെ കമാൻഡർ സ്ഥാനത്തുനിന്ന് ഫഹദ് അൽ സൽമാനെ മാറ്റി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി. ഹൂതികൾ രാജ്യത്തേയ്ക്ക് നിരന്തരം ആക്രമണം നടത്തുന്ന സാഹചര്യത്തിൽ സൗദി അറേബ്യ സൈനിക നേതൃത്വത്തിൽ നിർണായക അഴിച്ചുപണി നടത്തി.. പ്രതിരോധ മന്ത്രിയുടെ സൈനികകാര്യ ഉപദേഷ്ടാവായാണ് ഫഹദ് അൽ സൽമാനെ പുതിയതായി നിയമിച്ചിരിക്കുന്നത്.ജനറൽ ഫയ്യാദ് അൽ റുവൈലിയെ സായുധസേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് പദവിയിൽ തുടരുന്നതിനൊപ്പം സംയുക്ത സേനയുടെ പുതിയ കമാൻഡറായും നിയമിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. സൈനിക ഉദ്യോഗസ്ഥരുടെ സേവനവുമായി ബന്ധപ്പെട്ട ചട്ടങ്ങളും പ്രസക്തമായ രാജകീയ ഉത്തരവുകളും പരിശോധിച്ച ശേഷമാണ് നിയമനമെന്നുമാണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയ്ക്കെതിരായ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഹൂതികളുടെ ആക്രമണം സൗദിയുടെ വിമാന സർവീസുകളെയും എണ്ണ വിതരണത്തെയും ബാധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. യെമനിലെ ഭരണസിരാകേന്ദ്രമായ ഏദനിലേക്ക് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ മുന്നേറ്റം തുടരുന്നതിനിടെയാണ് സൗദി ഭരണകൂടത്തിന്റെ ഈ സുപ്രധാന സൈനിക നീക്കം.

#أمر_ملكي: بناءً على ما عرضه سمو وزير الدفاع..يُعيَّن الفريق الركن/ فهد بن حمد بن عبدالعزيز السلمان مستشارًا لسمو وزير الدفاع للشؤون العسكرية، ويُكلَّف الفريق الأول الركن/ فياض بن حامد بن رقاد الرويلي رئيس هيئة الأركان العامة بالقيام بعمل قائد القوات المشتركة بالإضافة إلى عمله.https://t.co/sbpUlY83A2#واس

ഇതിനിടെ അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റ് മധ്യപൂർവേഷ്യയിലെത്തി. മേഖലയിൽ ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് വിമാനവാഹിനിക്കപ്പൽ സ്ട്രൈക്ക് ഗ്രൂപ്പിന്റെ വരവ്. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ 'ദൈവം നമ്മുടെ സൈനികരെ സംരക്ഷിക്കട്ടെ' എന്ന സന്ദേശം പങ്കുവെച്ചിരുന്നു. മേഖലയിൽ നേരത്തേ വിന്യസിച്ചിരുന്ന മറ്റ് രണ്ട് വിമാനവാഹിനിക്കപ്പൽ സ്ട്രൈക്ക് ഗ്രൂപ്പുകൾക്കൊപ്പമാണ് യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റും നിലയുറപ്പിക്കുന്നത്. ഇറാനുമായുള്ള സംഘർഷാവസ്ഥ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ സൈനിക സാന്നിധ്യം കൂടുതൽ ശക്തമാകുകയാണ്.

Content Highlights: Saudi Arabia has removed Fahd Al-Salman as commander of the Joint Forces fighting the Houthi rebels in Yemen and appointed Fayyad Al-Ruwaili as his successor

To advertise here,contact us