ടെലഗ്രാമിന് വിലക്കേർപ്പെടുത്തി ജോർദാൻ; നടപടി സുരക്ഷാ ആശങ്കകളെ തുടർന്ന്

നിയമവിരുദ്ധ ഉള്ളടക്കങ്ങളും തീവ്ര സ്വഭാവമുള്ള വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനാണ് നടപടി

ജോര്‍ദാന്‍: ടെലഗ്രാം മെസേജിങ് ആപ്പിന് വിലക്കേര്‍പ്പെടുത്തി ജോര്‍ദാന്‍. നിയമവിരുദ്ധ ഉള്ളടക്കങ്ങളും തീവ്രവാദ സ്വഭാവമുള്ള വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനാണ് നടപടിയെന്ന് പൊതുസുരക്ഷാ ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞ മാസം കരാക് ഗവര്‍ണറേറ്റിലെ ഹമ്മൂദ് ഗ്രാമത്തിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്. അജ്ഞാത അക്കൗണ്ടുകള്‍, ലിങ്കുകള്‍ എന്നിവയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അയല്‍രാജ്യമായ സിറിയയില്‍ ജോര്‍ദാന്‍ വ്യോമാക്രമണവും നടത്തിയിരുന്നു. ആക്രമണവുമായി ബന്ധമുള്ള ഐഎസ്ഐഎസ് ഭീകരസംഘടനയിലെ 20 അംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് ജോര്‍ദാന്റെ അവകാശവാദം. ഈ മാസം അമ്മാനിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതും ഭീകരാക്രമണമെന്നാണ് ജോര്‍ദാന്‍ അധികൃതര്‍ വിശേഷിപ്പിച്ചത്.

2013ല്‍ റഷ്യന്‍ സംരംഭകനായ പവല്‍ ഡുറോവ് ആണ് ടെലഗ്രാം സ്ഥാപിച്ചത്. ഐഎസ്ഐഎസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെലഗ്രാമില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യമുണ്ടെങ്കിലും എല്ലാ സംഭാഷണങ്ങളും ഈ സുരക്ഷാ സംവിധാനത്തിന് കീഴിലല്ല. മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലും വടക്കേ ആഫ്രിക്കയിലും ആപ്പിന് വലിയ പ്രചാരമുണ്ട്. ആഗോള ഉപയോക്താക്കളില്‍ ഏകദേശം എട്ട് ശതമാനവും ഈ മേഖലയിലാണ്.

Content Highlights: Jordan has banned the Telegram messaging app, citing concerns over the spread of illegal and extremist content. The move follows a deadly church attack and heightened security measures amid growing concerns over extremist activities.

To advertise here,contact us