ഇറാന്റെ സമാധാനപരമായ ആണവ പദ്ധതിയിൽ പക്ഷപാത റിപ്പോർട്ട്; UN ഏജന്‍സിയെ അമേരിക്ക സ്വാധീനിക്കുന്നുവെന്ന് ഇറാൻ

ഇത് സ്ഥാപനത്തിന്റെ സാങ്കേതികവും അന്താരാഷ്ട്രതലത്തിലുള്ളതുമായ വിശ്വാസ്യതയ്ക്ക് നികത്താനാവാത്ത ആഘാതമേല്‍പ്പിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.

ടെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎആഎ) അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങുകയാണെന്ന വിമര്‍ശനവുമായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി (Esmaeil Bagaei) ആരോപിച്ചു. ഇത് സ്ഥാപനത്തിന്റെ സാങ്കേതികവും അന്താരാഷ്ട്രതലത്തിലുള്ളതുമായ വിശ്വാസ്യതയ്ക്ക് നികത്താനാവാത്ത ആഘാതമേല്‍പ്പിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. ടെഹ്‌റാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ തസ്‌നീം (Tansim) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ഭൗതികമായ നാശനഷ്ടങ്ങള്‍ക്കപ്പുറം, ഇറാന്റെ സമാധാനപരമായ ആണവ പദ്ധതിയെക്കുറിച്ച് ഏകപക്ഷീയവും പക്ഷപാതപരവുമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതില്‍ ഏജന്‍സി തുടരുന്ന വാശിയും ചില മാനേജര്‍മാരുടെ രാഷ്ട്രീയ നിലപാടുകളും അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സ്വാധീനവും സ്ഥാപനത്തിന്റെ സാങ്കേതികവും അന്താരാഷ്ട്രതലത്തിലുള്ളതുമായ വിശ്വാസ്യതയ്ക്ക് നികത്താനാവാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്,' ബഗായി പറഞ്ഞു.

'നയതന്ത്രത്തിന്റെയും ചര്‍ച്ചകളുടെയും യഥാര്‍ത്ഥ അര്‍ത്ഥത്തെയും സത്തയെയും വാഷിങ്ടണ്‍ ശൂന്യമാക്കിയിരിക്കുകയാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രസ്താവനയ്ക്ക് തൊട്ടുമുമ്പ്, ബഹ്‌റൈനിലെ അല്‍-രിഫാ (Al-Riffa) എയര്‍ ബേസിലുള്ള അമേരിക്കയുടെ പ്രാരംഭ മുന്നറിയിപ്പ് റഡാര്‍ സംവിധാനത്തിന് (early-warning radar system) നേരെ ആറ് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെട്ടു. എന്നാല്‍, ഇറാന്റെ വ്യോമാക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടയുകയും തകര്‍ക്കുകയും ചെയ്തതായി ബഹ്‌റൈന്‍ പ്രതിരോധ സേന അറിയിച്ചു. ടെഹ്‌റാന്‍ തങ്ങളുടെ 'വ്യവസ്ഥാപിതമായ ശത്രുതാപരമായ സമീപനം' തുടരുകയാണെന്ന് ബഹ്‌റൈന്‍ ആരോപിച്ചു.

ആഗോള ഊര്‍ജ്ജ-ചരക്ക് നീക്കത്തിന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ ഏറ്റുമുട്ടലുകള്‍.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതിനെ തുടര്‍ന്ന്, മേഖലയിലെ വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി തുടങ്ങിയതോടെയാണ് അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷം രൂക്ഷമായത്. ഏപ്രിലില്‍ ഒരു വെടിനിര്‍ത്തല്‍ കരാറിലെത്തുകയും തര്‍ക്കപരിഹാരത്തിനായി തൊട്ടടുത്ത മാസം ഇരുവിഭാഗവും ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജൂലൈയില്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതോടെ പോരാട്ടം വീണ്ടും പുനരാരംഭിക്കുകയാണുണ്ടായത്.

Content Highlight: Iran has accused the International Atomic Energy Agency (IAEA) of yielding to political pressure from the United States and European countries while reporting on its peaceful nuclear programme. Iranian Foreign Ministry spokesperson Esmaeil Baqaei said the agency's alleged biased approach had severely damaged its technical and international credibility. The criticism comes amid renewed regional tensions, with Iran's IRGC claiming a drone attack on a US early-warning radar system in Bahrain, while Bahrain said its air defences had intercepted the attack. The developments unfold against the backdrop of tensions over the strategically important Strait of Hormuz.

To advertise here,contact us