ടെക്സസ്: ബഹിരാകാശ പരീക്ഷണങ്ങളിൽ വീണ്ടും ചരിത്രം കുറിച്ച് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ഭീമൻ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ മുകൾഭാഗം വിജയകരമായി ഭൂമിയിൽ തിരിച്ചിറക്കി. 22 മണിക്കൂറിലധികം പറക്കലിനൊടുവിൽ ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്റ്റാർബേസ് ലോഞ്ച്പാഡിൽ റോക്കറ്റിന്റെ മുകൾഭാഗം തിരിച്ചിറക്കുകയായിരുന്നു. ലോഞ്ച് ടവറിലെ 'ചോപ്സ്റ്റിക്' എന്ന് വിളിപ്പേരുള്ള കൂറ്റൻ മെക്കാനിക്കൽ കൈകൾ ഉപയോഗിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയ റോക്കറ്റിനെ വായുവിൽ വെച്ച് പിടിച്ചെടുത്തത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4:47-നാണ് 124 മീറ്റർ ഉയരമുള്ള റോക്കറ്റ് കുതിച്ചുയർന്നത്. 22 മണിക്കൂർ 30 മിനിറ്റ് നീണ്ട ദൗത്യത്തിൽ ഭൂമിയെ 14 തവണ വലംവെച്ച ശേഷമാണ് റോക്കറ്റ് തിരിച്ചെത്തിയത്. ഈ പറക്കലിനിടെ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന സ്റ്റാർലിങ്ക് ശൃംഖലയുടെ 26 ഉപഗ്രഹങ്ങളും സ്റ്റാർഷിപ്പ് ഭ്രമണപഥത്തിലെത്തിച്ചു.
സ്റ്റാർഷിപ്പിന്റെ താഴെയുള്ള സൂപ്പർ ഹെവി ബൂസ്റ്ററും മുകൾഭാഗവും ഒരുമിച്ച് വിക്ഷേപണത്തറയിൽ തന്നെ പിടിച്ചെടുക്കുക എന്നതായിരുന്നു 15-ാമത് പരീക്ഷണ പറക്കലിന്റെ പ്രധാന ലക്ഷ്യം. എന്നാൽ പറന്നുയർന്ന് ആറര മിനിറ്റിനുള്ളിൽ തന്നെ താഴെയുള്ള സൂപ്പർ ഹെവി ബൂസ്റ്റർ സമുദ്രത്തിൽ പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഓട്ടോമേറ്റഡ് സംവിധാനം വഴി ബൂസ്റ്റർ സമുദ്രത്തിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്നും ബൂസ്റ്ററിൽ ഇന്ധനം അല്പം കുറവായിരുന്നുവെന്നും ഇലോൺ മസ്ക് എക്സിൽ കുറിച്ചു.
Mechazilla catches Starship! Congratulations to the entire SpaceX team on this incredible achievement! https://t.co/YJzmGUZb2B
മുൻപ് മൂന്ന് പരീക്ഷണങ്ങളിൽ സ്പേസ് എക്സ് സൂപ്പർ ഹെവി ബൂസ്റ്റർ വിജയകരമായി പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ സെപ്റ്റംബറിൽ മാത്രം ആദ്യമായി ഭ്രമണപഥത്തിലെത്തിയ റോക്കറ്റിന്റെ മുകൾഭാഗം പിടിച്ചെടുക്കുന്നത് ഇത് ആദ്യമായാണ്. ഇരുഭാഗങ്ങളും ഒരുമിച്ച് തിരികെക്കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും ഈ നേട്ടം ബഹിരാകാശ പര്യവേക്ഷണത്തിലെ വലിയ കുതിച്ചുചാട്ടമാണെന്ന് റോയൽ എയറോനോട്ടിക്കൽ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. മാൽക്കം മക്ഡൊണാൾഡ് പറഞ്ഞു.
റോക്കറ്റുകൾ പൂർണ്ണമായി പുനഃരുപയോഗിക്കുക എന്ന സ്പേസ് എക്സിന്റെ വലിയ സ്വപ്നത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്. നിലവിൽ കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റുകൾ വർഷത്തിൽ നൂറിലധികം തവണ പറക്കുന്നുണ്ട്. റോക്കറ്റുകൾ പുനരുപയോഗിക്കുന്നത് വിക്ഷേപണച്ചെലവ് വലിയ തോതിൽ കുറയ്ക്കും. സാധാരണ വിമാനങ്ങൾ പോലെ റോക്കറ്റുകൾ ഉപയോഗിക്കാനാണ് മസ്കിന്റെ പദ്ധതി.
ചന്ദ്രനിൽ മനുഷ്യനെ വീണ്ടുമെത്തിക്കാനുള്ള നാസയുടെ 2028-ലെ ദൗത്യത്തിലും സ്പേസ് എക്സിന് നിർണ്ണായക പങ്കുണ്ട്. ബഹിരാകാശ സഞ്ചാരികളെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള ലാൻഡർ നിർമ്മിക്കാൻ നാസ സ്പേസ് എക്സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനുമായും നാസയ്ക്ക് കരാറുണ്ട്. ചന്ദ്രന് പുറമെ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള മസ്കിന്റെ സ്വപ്ന പദ്ധതിക്കും സ്റ്റാർഷിപ്പിന്റെ ഈ നേട്ടം വലിയ കരുത്തേകും.
Content Highlights: SpaceX successfully caught Starship's upper stage using the launch tower's mechanical arms at Starbase, Texas, marking a major milestone in Elon Musk's reusable rocket ambitions.