കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വാർത്താ ചാനലായ Reporter World ന്റെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇനി മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ വിരൽത്തുമ്പിൽ. ആഗോള കാഴ്ചപ്പാടിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ അന്താരാഷ്ട്ര വാർത്താ പ്ലാറ്റ്ഫോമാണ് Reporter World. Reporter World വെബ്സൈറ്റ്, Reporter World ന്റെ ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കാണ് തുടക്കമായിരിക്കുന്നത്. Reporter Worldൻ്റെ എക്സ് പ്ലാറ്റ്ഫോമും വാട്ട്സ്ആപ്പ് ചാനലും ലഭ്യമാണ്. ഇതോടെ ഇംഗ്ലീഷ് ഭാഷയിലുള്ള ഡിജിറ്റൽ വാർത്താ രംഗത്തേക്കുള്ള ചുവടുവെപ്പിനാണ് റിപ്പോർട്ടർ നെറ്റ്വർക്ക് തുടക്കമിട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും വാർത്തകളും സംഭവവികാസങ്ങളുമാണ് Reporter World പ്രധാനമായും റിപ്പോർട്ട് ചെയ്യുക. ദേശീയ, അന്തർദേശീയ വിഷയങ്ങൾ, ബിസിനസ്, കായികം, സംസ്കാരം, വിനോദം, ജീവിതശൈലി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകും. നേരിട്ട് തയ്യാറാക്കുന്ന റിപ്പോർട്ടുകൾ, ഫീച്ചറുകൾ, ഗവേഷണാധിഷ്ഠിത വിശദീകരണങ്ങൾ, മൾട്ടിമീഡിയ ഉള്ളടക്കങ്ങൾ എന്നിവയും വായനക്കാർക്ക് ലഭ്യമാക്കും. റിപ്പോർട്ടർ വേൾഡിൻ്റെ വെബ്സൈറ്റിൽ Explained, Exclusives എന്നീ കാറ്റഗറികൾക്ക് വെബ്സൈറ്റിൽ പ്രത്യേക ഇടം നൽകിയിട്ടുണ്ട്. വീഡിയോകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. സങ്കീർണമായ വിഷയങ്ങൾ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ലളിതമായി വായനക്കാരിലേക്ക് എത്തിക്കുകയാണ് Explained കാറ്റഗറിയുടെ ലക്ഷ്യം. വിനോദം, ജീവിതശൈലി, ഭക്ഷണം, യാത്ര തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന Culture കാറ്റഗറിയും വെബ്സൈറ്റിൽ ഉണ്ട്.
ബ്രേക്കിങ് ന്യൂസുകൾക്കപ്പുറം, ഇന്ത്യയെയും ലോകത്തെയും സ്വാധീനിക്കുന്ന വിഷയങ്ങളെക്കുറിച്ച് വായനക്കാർക്ക് വ്യക്തമായ ധാരണയും ആഴത്തിലുള്ള കാഴ്ചപ്പാടും നൽകാനാണ് Reporter World ലക്ഷ്യമിടുന്നത്. വാർത്തകൾക്ക് ആവശ്യമായ പശ്ചാത്തലവും വിശകലനവും ഉൾപ്പെടുത്തി, അതത് സമയത്തെ സംഭവവികാസങ്ങൾക്കപ്പുറത്തേക്ക് കവറേജ് വിപുലീകരിക്കാനും പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു.
Content Highlights: Reporter World, India's first international news channel, has officially launched its website, expanding its digital presence with news and developments from India and around the world