പെന്‍സില്‍വാനിയ: അമേരിക്കന്‍ സെനറ്റിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടുത്ത നേതാവായി ഇസ്രയേല്‍ വിമര്‍ശകനായ നേതാവിനെയാണ് തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ പാര്‍ട്ടി വിടുന്ന കാര്യം പരിഗണിക്കുമെന്ന് പെന്‍സില്‍വാനിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ (John Fetterman). മെരിലാന്‍ഡില്‍ നിന്നുള്ള സെനറ്റര്‍ ക്രിസ് വാന്‍ ഹൊളനെ (Chris Van Hollen) അടുത്ത സെനറ്റ് ലീഡറായി തെരഞ്ഞെടുക്കുന്നത് ഇസ്രയേലിനോടുള്ള യുഎസ് നയത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം തനിക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഫെറ്റര്‍മാന്‍ തന്റെ കടുത്ത നിലപാട് പരസ്യമാക്കിയത്. കൂടുതല്‍ ഇടതുപക്ഷത്തേക്ക് നീങ്ങിയാല്‍ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്ന ഒരു അതിരുണ്ടോ (റെഡ് ലൈന്‍) എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
''എന്റെ കോക്കസ് വാന്‍ ഹൊളനെപ്പോലെ ഇസ്രയേലിനോട് അങ്ങേയറ്റം ശത്രുത പുലര്‍ത്തുന്ന ഒരാളെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് വളരെ ആശങ്കാജനകമാണ്. മേഖലയിലെ ഏതെങ്കിലും രാജ്യങ്ങളോട് നിങ്ങള്‍ക്ക് ദേഷ്യമോ ശത്രുതയോ ഉണ്ടെങ്കില്‍, എന്തുകൊണ്ട് അത് ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഹമാസിന്റെയോ നേരെയാക്കിക്കൂടാ? ജനപ്രതിനിധി സഭയിലായാലും സെനറ്റിലായാലും, അവരുടെ ആദ്യ ചിന്ത ഇസ്രയേലിനെ ശിക്ഷിക്കാനും ഇസ്രയേലിനുള്ള സഹായങ്ങള്‍ തടഞ്ഞുവെക്കാനുമാണ്. എന്തുകൊണ്ടാണിത്? ഇറാനെ ഉത്തരവാദികളായി കണക്കാക്കുക എന്നത് എന്തുകൊണ്ടായിരിക്കാം അവരുടെ ആദ്യ ചിന്തയായി മാറാത്തത്?,' ഫെറ്റര്മാര് ചോദിച്ചു.
ഇതോടൊപ്പം, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തോട് 'പ്രതികാരം' വീട്ടുന്നതിനായി അടുത്ത രണ്ടു വര്‍ഷക്കാലം സെനറ്റിനെ ''തുടര്‍ച്ചയായ വിചാരണകളുടെയും ഹിയറിങ്ങുകളുടെയും സര്‍ക്കസ്' ആക്കി മാറ്റരുതെന്ന് അദ്ദേഹം സ്വന്തം പാര്‍ട്ടിയോട് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട്, നിലവിലെ കടുത്ത ഇസ്രയേല്‍ അനുകൂല നിലപാട് പുലര്‍ത്തുന്ന സെനറ്റ് നേതാവ് ചക്ക് ഷൂമര്ക്കെതിരെ (Chuck Schumer) ക്രിസ് വാന്‍ ഹൊളന്‍ മത്സരരംഗത്തുണ്ട്.
ഗസയിലെ ഇസ്രയേല്‍ സൈനിക നടപടികളെ ശക്തമായി വിമര്‍ശിച്ചിട്ടുള്ള നേതാവാണ് വാന്‍ ഹൊളന്‍. 'ഗസയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായി തകര്‍ത്തും പട്ടിണിയെ യുദ്ധായുധമായി ഉപയോഗിച്ചുമാണ് നെതന്യാഹു സര്‍ക്കാര്‍ ലക്ഷ്യം നടപ്പിലാക്കുന്നത്. ജീവിതസാഹചര്യങ്ങള്‍ ഇല്ലാതാക്കി ഫലസ്തീനികളെ ഗസയില്‍ നിന്ന് പുറന്തള്ളാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിത്. ജീവന് നിലനിര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ അവിടെനിന്നുള്ള പലായനം ഒരിക്കലും സ്വമേധയാ ഉള്ളതല്ല,' എന്നാണ് 2025 സെപ്റ്റംബറില്‍ ഗസ അതിര്‍ത്തി സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞത്.
ഗസയിലെ ഇസ്രയേല്‍ സൈനിക നടപടികള്‍ക്കുള്ള കടുത്ത പിന്തുണ, ഇറാനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളോടുള്ള എതിര്‍പ്പ്, കഴിഞ്ഞ വര്‍ഷത്തെ ഗവണ്മെന്റ് ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനും ട്രംപിന്റെ നോമിനികളെ ശരിവെക്കുന്നതിനും റിപ്പബ്ലിക്കന്മാര്ക്കൊപ്പം വോട്ട് ചെയ്തത് എന്നിവ കാരണം ഫെറ്റര്‍മാന്‍ സ്വന്തം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ തൊഴിലാളി യൂണിയനുകളെയും LGBTQ+ അവകാശങ്ങളെയും പിന്തുണയ്ക്കുന്നതിനാല്‍ താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേരില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും, പ്രാദേശിക ഡെമോക്രാറ്റുകള്‍ അദ്ദേഹത്തില്‍ നിന്ന് അകന്നിട്ടുണ്ട്.
ഓഗസ്റ്റില്‍ പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ് സര്‍വേ പ്രകാരം, പെന്‍സില്‍വാനിയയിലെ ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഫെറ്റര്മാനോടുള്ള അനുകൂല നിലപാട് 2024ലെ 74 ശതമാനത്തില്‍ നിന്ന് വെറും 20 ശതമാനമായി ഇടിഞ്ഞു. അതേസമയം, പെന്‍സില്‍വാനിയയിലെ റിപ്പബ്ലിക്കന്മാര്ക്കിടയില് അദ്ദേഹത്തോടുള്ള അനുകൂല നിലപാട് 25 ശതമാനത്തില്‍ നിന്ന് 73 ശതമാനമായി ഉയര്‍ന്നു.
ഫെറ്റര്‍മാന്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്നും വോട്ടര്‍മാര്‍ക്ക് ''വഞ്ചിക്കപ്പെട്ടതായി തോന്നുന്നു'' എന്നാണ് ലെഹി കൗണ്ടിയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ ലോറി മക്ഫാക്ള്ലാന്റ് (Lori McFarland) പറഞ്ഞത്. മത്സരസാധ്യതയുള്ള മണ്ഡലങ്ങളിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളാരും ഫെറ്റര്മാനെ പ്രചാരണത്തിന് കൂടെക്കൂട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് യു.എസ് പ്രതിനിധി ക്രിസ് ഡെലൂസിയോ (Chris Deluzio) വ്യക്തമാക്കിയത്.
ഫെറ്റര്‍മാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിടുമെന്ന സൂചനകളെ റിപ്പബ്ലിക്കന്‍ നേതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഫെറ്റര്‍മാന്റെ നിരാശകളെക്കുറിച്ച് സെനറ്റ് റിപ്പബ്ലിക്കന്മാര് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും, അദ്ദേഹം പാര്‍ട്ടി മാറുകയാണെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യുമെന്നുമാണ് സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജോണ്‍ തൂണ് (John Thune) വ്യക്തമാക്കിയത്. പെന്‍സില്‍വാനിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡേവിഡ് മക്കോര്മിക്കുമായി (David McCormick) ഫെറ്റര്‍മാന്‍ അടുത്ത ബന്ധം പുലര്‍ത്തുകയും സംയുക്ത ഫണ്ട് ശേഖരണം നടത്തുകയും ചെയ്യുന്നുണ്ട്.
അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ 55 സെനറ്റ് സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷം കൈവരിച്ചതിനാല്‍, ഫെറ്റര്‍മാന്‍ പാര്‍ട്ടി വിട്ടാലും ഡെമോക്രാറ്റുകള്‍ക്ക് സെനറ്റിലെ ഭൂരിപക്ഷം നഷ്ടപ്പെടില്ല.
Content Highlight: Pennsylvania Democratic Senator John Fetterman has threatened to consider leaving the Democratic Party if Maryland Senator Chris Van Hollen, a vocal critic of Israel's military actions in Gaza, is elected as the next Senate Democratic leader. Fetterman's pro-Israel stance has increasingly isolated him within his party, while his disagreements over US policy towards Israel and Iran have deepened tensions with fellow Democrats.