ബെയ്ജിങ്: ഇലക്ട്രിക് വിമാനവുമായി വ്യോമയാന രംഗത്ത് നിര്‍ണായക മുന്നേറ്റവുമായി ചൈന. ചൈനീസ് വിമാന നിര്‍മാണ കമ്പനിയായ കൊമാക് (COMAC) വികസിപ്പിച്ച CE-25A ഇലക്ട്രിക് വിമാനം ആദ്യമായി പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഷാന്‍ഡോങ് പ്രവിശ്യയിലെ ബിന്ഷൗവിലായിരുന്നു പരീക്ഷണപ്പറക്കല്‍.
നവംബര്‍ 14ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എന്‍ജിനീയറുമാണ് പരീക്ഷണപ്പറക്കലില്‍ പങ്കെടുത്തത്. ആകെ 57 മിനിറ്റും 46 സെക്കന്‍ഡും നീണ്ട പരീക്ഷണത്തില്‍ 16 മിനിറ്റിലധികം വിമാനം ആകാശത്തുകൂടി പറന്നു. 60.4 കിലോമീറ്റര്‍ ദൂരവും പിന്നിട്ടു. പരീക്ഷണത്തിനിടെ വിമാനത്തിന്റെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചെന്നും പ്രതീക്ഷിച്ച രീതിയില്‍ തന്നെ വിമാനം പ്രവര്‍ത്തിച്ചതായും അധികൃതര്‍ അറിയിച്ചു.
മനുഷ്യരില്ലാതെ ഇലക്ട്രിക് വിമാനം നിരവധി തവണ പരീക്ഷണപ്പറക്കലുകള് നടത്തിയിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു CE-25Aയുടെ ആദ്യ സ്വയം നിയന്ത്രിത പരീക്ഷണപ്പറക്കല്‍. പൈലറ്റുമാരുള്പ്പെട്ട പരീക്ഷണ പറക്കലിന് അനുമതി ലഭിക്കുന്നതിന് മുന്‍പ് 19 തവണയാണ് വിമാനം സ്വയം പറന്ന് പരീക്ഷണം പൂര്‍ത്തിയാക്കിയത്.
കൊമാക്, പ്രമുഖ ബാറ്ററി നിര്‍മാതാക്കളായ CATL, ഷാങ്ഹായ് ജിയാവോ ടോങ് സര്‍വകലാശാല തുടങ്ങിയവരുടെ സംയുക്ത പദ്ധതിയാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസിന് മുന്നോടിയായുള്ള നിര്‍ണായക കടമ്പയും വിമാനം പിന്നിട്ടിട്ടുണ്ട്. ടൈപ്പ് സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ ചൈനയുടെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് ഔദ്യോഗികമായി സ്വീകരിച്ചു. വാണിജ്യ യാത്രാവിമാനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കായി സര്‍വീസ് നടത്താന്‍ ആവശ്യമായ നിര്‍ബന്ധിത നിയന്ത്രണ നടപടികളിലൊന്നാണ് ഈ സര്ട്ടിഫിക്കേഷന്.
19 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ വിമാനം ഹ്രസ്വദൂര യാത്രകള്‍ക്കായി കൊമാക് വികസിപ്പിച്ച ആദ്യത്തെ ഇലക്ട്രിക് വാണിജ്യ വിമാനമാണ്. മണിക്കൂറില്‍ 300 കിലോമീറ്ററാണ് സഞ്ചാര വേഗമുള്ള വിമാനത്തിന് 2,400 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയും. വ്യോമയാന മേഖലയിലെ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ചൈന കൈവരിച്ചിരിക്കുന്നത്.
Content Highlights: China's COMAC successfully completes the maiden piloted test flight of its CE-25A electric aircraft, a 19-seater commercial plane marking a major milestone in green aviation