'Bring Back The Boss'; ജെൻസൻ ഹുവാങ്ങിനെ തിരിച്ച് കൊണ്ടുവരാൻ പെറ്റീഷൻ നൽകി NVIDIA ജീവനക്കാർ

'നമ്മളെല്ലാം മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കാം. കമ്പനിക്കായി ഇത്രയേറെ നല്ല കാര്യങ്ങൾ ചെയ്ത ജെൻസന് ഒരു രണ്ടാം അവസരം നൽകണം', ഒരു ജീവനക്കാരൻ കുറിച്ചു

സാൻ ഫ്രാൻസിസ്കോ: വിവാഹേതര, ചാരവൃത്തി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് രാജിവെച്ച എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കമ്പനിയിലെ ജീവനക്കാർ രംഗത്ത്. രാജി ഉൾക്കൊള്ളാനാവാതെ ആയിരകണക്കിന് ജീവനക്കാരാണ് കമ്പനിയുടെ ആഭ്യന്തര ഫോറങ്ങളിലും സമൂഹമാധ്യമങ്ങളിലും ഹുവാങ്ങിന് പരസ്യ പിന്തുണയുമായി എത്തുന്നത്. ജീവനക്കാരെ കൂടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇലോൺ മസ്ക് തുടങ്ങി ടെക് ലോകത്തെ വമ്പന്മാരും ഹുവാങ്ങിനായി രംഗത്തെത്തിയിട്ടുണ്ട്.

ഹുവാങ് രാജിവയ്ക്കുന്നതിന് തൊട്ടുമുൻപ് കമ്പനിയിലെ മുതിർന്ന ഒരു എൻജിനീയർ ഇന്റേണൽ ‘സജഷൻ ബോക്സിൽ’ ഇട്ട പോസ്റ്റിന് കീഴിൽ ഇതിനോടകം 1,600-ലധികം കമന്റുകളാണ് നിറഞ്ഞത്. ഹുവാങ്ങിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കും മുൻപ് ജീവനക്കാരുടെ വികാരം കൂടി ബോർഡ് മാനിക്കണമെന്നായിരുന്നു ആ പോസ്റ്റിലെ ആവശ്യം. 'കമ്പനിയുടെ ലക്ഷ്യങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ബോസിനെ തിരികെ കൊണ്ടുവരൂ,' എന്നാണ് ഒരു ജീവനക്കാരൻ കുറിച്ചത്. 'നമ്മളെല്ലാം മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കാം. കമ്പനിക്കായി ഇത്രയേറെ നല്ല കാര്യങ്ങൾ ചെയ്ത ജെൻസന് ഒരു രണ്ടാം അവസരം നൽകണം,' മറ്റൊരാൾ ആവശ്യപ്പെട്ടു. ഹുവാങ്ങിൻ്റെ രാജിയിലേക്ക് നയിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ജീവനക്കാരൻ കമ്പനിയിലെ മുഴുവൻ ജീവനക്കാർക്കും ഇമെയിൽ അയയ്ക്കുകയും ചെയ്തു. ലിങ്ക്ഡ്ഇനിലും നിരവധി ജീവനക്കാർ ഹുവാങ്ങിന് പിന്തുണ അറിയിച്ച് പോസ്റ്റുകളിട്ടു. അതേസമയം, അദ്ദേഹത്തിന്റെ രാജിയെ അനുകൂലിച്ച് ഒരൊറ്റ ജീവനക്കാരൻ പോലും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഹുവാങ്ങിന്റെ പടിയിറക്കത്തിൽ സിലിക്കൺ വാലിയിലെ പ്രമുഖരും ഞെട്ടൽ രേഖപ്പെടുത്തി. ആപ്പിളിൽ നിന്ന് സ്റ്റീവ് ജോബ്സിനെ പുറത്താക്കിയ സംഭവത്തോട് ഹുവാങ്ങിന്റെ രാജിയെ ഉപമിച്ചുള്ള എക്സ് പോസ്റ്റിന് "സത്യമായ വാക്കുകൾ" എന്നാണ് ഇലോൺ മസ്ക് മറുപടി നൽകിയത്. ഹുവാങ്ങിന് ജോലി നൽകാൻ തനിക്ക് അഭിമാനമേയുള്ളൂവെന്ന് മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹുവാങ് ഒരു ‘ഇതിഹാസം’ ആണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. "അതിശയകരമായ പ്രവർത്തനം കാഴ്ചവച്ച ജെൻസൻ ഹുവാങ് രാജിവച്ച സ്ഥിതിക്ക്, ആ സ്ഥാനത്തേക്ക് വരാൻ യോഗ്യനായ ഒരേയൊരാൾ ആപ്പിളിന്റെ മുൻ മേധാവി ടിം കുക്ക് മാത്രമാണ്. ഒരു ഇതിഹാസത്തിന് പകരം മറ്റൊരു ഇതിഹാസം!" ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്, എപിക് ഗെയിംസ് മേധാവി ടിം സ്വീനി എന്നിവരും ഹുവാങ്ങിന്റെ 33 വർഷത്തെ ധീരമായ നേതൃത്വത്തെ പ്രശംസിച്ച് രംഗത്തെത്തി. വിവാദങ്ങളിലും രാജിയിലും ജെൻസൻ ഹുവാങ്ങോ എൻവിഡിയ ബോർഡോ ഇതുവരെ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.

1993-ൽ എൻവിഡിയ സ്ഥാപിച്ചത് മുതൽ നീണ്ട 33 വർഷം കമ്പനിയെ നയിച്ച 63-കാരനായ ഹുവാങ് വ്യാഴാഴ്ച രാവിലെയാണ് സിഇഒ സ്ഥാനം രാജിവെച്ചത്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുടെ ചാരയാണെന്ന് സംശയിക്കുന്ന ആലിസ് ഹുവാങ് എന്ന യുവതിയുമായി ഹുവാങ്ങിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. 2023-ൽ സിംഗപ്പൂർ ആസ്ഥാനമായി ആലിസ് ആരംഭിച്ച ‘മെഗാസ്പീഡ് ഇന്റർനാഷണൽ’ എന്ന കമ്പനി അലിബാബ ഉൾപ്പെടെയുള്ള ചൈനീസ് വമ്പന്മാർക്കായി 750 കോടി ഡോളറിന്റെ എൻവിഡിയ ചിപ്പുകൾ വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തൽ. ഞായറാഴ്ച ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ, താൻ ഭാര്യയോട് അവിശ്വസ്തത കാണിച്ചുവെന്നും സ്വന്തം പ്രവർത്തികൾ ഭാര്യയെയും മക്കളെയും വേദനിപ്പിച്ചതിൽ മാപ്പ ചോദിക്കുന്നുവെന്നും ഹുവാങ് തുറന്നുപറഞ്ഞിരുന്നു. തൊട്ടുപിന്നാലെ കമ്പനിയിലെ തന്നെ ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡന്റ് കിംബർലി പവലുമായും, പേര് വെളിപ്പെടുത്താത്ത മറ്റൊരു ജീവനക്കാരിയുമായും ഹുവാങ്ങിന് അവിഹിതമുണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ കൂടി പുറത്തുവന്നു. ഇതോടെ വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ രാജി ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

അന്വേഷണം പൂർത്തിയാകും മുൻപേ ഹുവാങ് പുറത്തായതിൽ ജീവനക്കാർക്ക് കടുത്ത അമർഷമുണ്ട്. വിവാദങ്ങൾ പുറത്തുവന്നതോടെ എൻവിഡിയയുടെ വിപണി മൂല്യത്തിൽ ഏകദേശം ഒരു ട്രില്യൻ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. സംഭവത്തിൽ യുഎസ് ജനപ്രതിനിധികളും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൊളെറ്റ് ക്രെസിനെ ഇടക്കാല സിഇഒ ആയും, ഹാർവി ജോൺസിനെ പുതിയ ബോർഡ് ചെയർമാനായും നിയമിച്ചിരിക്കുകയാണ്.

Content Highlights: Thousands of NVIDIA employees are backing former CEO Jensen Huang and demanding his return following his resignation amid infidelity and espionage allegations.

To advertise here,contact us