ബെയ്ജിങ്: അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ചരിത്രത്തിലാദ്യമായി അടുത്തയാഴ്ച ത്രികക്ഷി ഉച്ചകോടിയിൽ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവർ ഒരുമിച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ചൈനയിലെ ഷെൻഷെല്ലാണ് ത്രികക്ഷി ഉച്ചകോടി നടക്കുന്നത്. ചൈനയുടെ സാങ്കേതികവിദ്യാ കേന്ദ്രമായ ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയോടനുബന്ധിച്ചായിരിക്കും കൂടിക്കാഴ്ച. വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചതായാണ് അൽ ജസീറയുടെ റിപ്പോർട്ട്.
അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാന ആണവായുധ നിയന്ത്രണ ഉടമ്പടി കാലാവധി അവസാനിച്ച് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരമുള്ള രണ്ട് രാജ്യങ്ങളായ അമേരിക്കയ്ക്കും റഷ്യയ്ക്കും ആയുധശേഖരത്തിന് നിയന്ത്രണങ്ങളില്ലാത്ത സാഹചര്യം ഇതോടെ സംജാതമായിരുന്നു. അമ്പത് വർഷത്തിലേറെയായി നിലനിന്നിരുന്ന നിയന്ത്രണ സംവിധാനത്തിനാണ് ഒൻപത് മാസം മുമ്പ് അവസാനമായത്. മൂന്ന് രാജ്യങ്ങൾക്കും തങ്ങളുടെ ആണവായുധ ശേഖരത്തിന്റെ കാര്യത്തിൽ ധാരണയിലെത്താനുള്ള അവസരമായിരിക്കും ഈ കൂടിക്കാഴ്ചയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 2026 ഫെബ്രുവരിയിലാണ് അമേരിക്കയും റഷ്യയും തമ്മിലുള്ള ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി (New START) കാലാവധി അവസാനിച്ചത്. ഉടമ്പടി ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്ന റഷ്യയുടെ നിർദേശം ട്രംപ് നിരസിച്ചിരുന്നു. ചൈനയെയും ഉൾപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ടതും ആധുനികവുമായ പുതിയ ഉടമ്പടി വേണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.
നടക്കാനിരിക്കുന്ന ത്രികക്ഷി കൂടിക്കാഴ്ചയിൽ കാര്യമായ ധാരണകളുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്നാണ് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സിനോട് റിപ്പോർട്ട് ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ചർച്ചകൾക്ക് തുടക്കമിടുക മാത്രമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആണവ പോർമുനകളുള്ളത് റഷ്യയ്ക്കാണ്. രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് ചൈനയുമാണ്.
ഇറാനുമായുള്ള യുദ്ധവും ട്രംപ് ഷി ജിൻപിങ്ങുമായും പുടിനുമായും ചർച്ച ചെയ്യുമെന്നാണ് സൂചന. എന്നാൽ റഷ്യയുടെ യുക്രെയ്ൻ യുദ്ധം ചർച്ചാവിഷയമാക്കാൻ ട്രംപ് താൽപര്യപ്പെടുന്നില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ട്രംപിനൊപ്പം ഇലോൺ മസ്കും ചൈന സന്ദർശിക്കുമെങ്കിലും ഉച്ചകോടിയിൽ പങ്കെടുക്കില്ല. ഏഷ്യൻ സന്ദർശനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ട്രംപ് കൂടിക്കാഴ്ച നടത്താൻ സാധ്യതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
നിർദിഷ്ട ഉച്ചകോടിയെ 1945-ലെ യാൽറ്റ സമ്മേളനവുമായി ചിലർ താരതമ്യം ചെയ്യുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകക്രമം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച അമേരിക്ക, ബ്രിട്ടൻ, സോവിയറ്റ് യൂണിയൻ നേതാക്കളുടെ കൂടിക്കാഴ്ചയായിരുന്നു യാൽറ്റ സമ്മേളനം. എന്നാൽ ഈ താരതമ്യത്തെ റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഷെൻഷെനിൽ ഉണ്ടാകുന്ന ധാരണകൾ മറ്റ് രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ദിമിത്രി പെസ്കോവിൻ്റെ പ്രതികരണം. അതേസമയം, കൂടിക്കാഴ്ച അതീവ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ച യുക്രെയ്നെക്കുറിച്ചുള്ള ചർച്ചകൾക്ക് വേദിയാകുമോ എന്ന ആശങ്ക യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രെയ്ന്റെ പങ്കാളിത്തമില്ലാതെ രാജ്യത്തെ സംബന്ധിച്ച കരാറുകൾ ചർച്ച ചെയ്യാനുള്ള വേദിയായി ഉച്ചകോടി മാറുമോയെന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക.
Content Highlights: US President Donald Trump, Chinese President Xi Jinping and Russian President Vladimir Putin are set to hold their first trilateral summit in Shenzhen, China, for crucial discussions on global affairs and international relations